ജോലിസ്ഥലത്തെ മനുഷ്യത്വമില്ലായ്മ, കടുത്ത ശിക്ഷ നല്‍കണം; പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ശശി തരൂര്‍
ജോലി സമ്മർദ്ദത്തെ തുടർന്ന് മരണപ്പെട്ട ഇ വൈ ജീവനക്കാരി അന്ന സെബാസ്റ്റ്യൻ്റെ പിതാവുമായി സംസാരിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂർ.
പാർലമെൻ്റിൻ്റെ അടുത്ത സമ്മേളനത്തില്‍ ജോലിസ്ഥലങ്ങളിലെ മനുഷ്യത്വരഹിതമായ നിയമനിർമ്മാണത്തെ കുറിച്ചും സംസാരിക്കുമെന്ന് ശശി തരൂർ പറഞ്ഞു. എക്സിലെ പോസ്റ്റിലൂടെയാണ് ശശി തരൂർ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
‘ഏണസ്റ്റ് ആൻഡ് യങ്ങിലെ ചാർട്ടേഡ് അക്കൌണ്ടന്റായിരുന്ന അന്ന സെബാസ്റ്റ്യൻ ദിവസം 14 മണിക്കൂർ വീതം നാല് മാസം തുടർച്ചയായി സമ്മർദം നിറഞ്ഞ ജോലിക്ക് പിന്നാലെയാണ് മരിച്ചത്. അന്നയുടെ പിതാവ് സിബി സെബാസ്റ്റ്യനുമായി ഹൃദയഭേദകമായ സംഭാഷണം നടത്തി.
സ്വകാര്യ മേഖല ആയാലും പൊതു മേഖല ആയാലും എല്ലാ തൊഴിലിടങ്ങളിലും നിശ്ചിത സമയ ജോലി സംബന്ധിച്ച് നിയമനിർമാണം നടത്തണമെന്നും ഇക്കാര്യം പാർലമെന്റില്‍ ഉന്നയിക്കണമെന്നും അന്നയുടെ അച്ഛൻ ആവശ്യപ്പെട്ടത്. ആഴ്ചയില്‍ അഞ്ച് ദിവസം എട്ട് മണിക്കൂർ കവിയാത്ത ജോലി സമയം എന്ന നിർദേശമാണ് അന്നയുടെ അച്ഛൻ മുന്നോട്ട് വച്ചിരിക്കുന്നത്.