ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പരിഹസിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പരിഹസിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ. ഇറാനിലെ ജലദൗർലഭ്യം പരിഹരിക്കാമെന്ന നെതന്യാഹുവിന്റെ വാഗ്ദാനത്തിനാണ് പരിഹാസ മറുപടിയുമായി മസൂദ് രംഗത്ത് വന്നത്. പലസ്തീനികൾക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്ന ഇസ്രായേലിനെ വിശ്വസിക്കാനാവില്ല എന്നാണ് മസൂദ് തന്റെ എക്സിൽ കുറിച്ചത്.
ഇപ്പോഴത്തെ സർക്കാരിൽ നിന്ന് ഇറാൻ സ്വതന്ത്ര്യമാകുമ്പോൾ രാജ്യത്തെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാൻ ഇസ്രായേൽ സഹായിക്കുമെന്നായിരുന്നു നെതന്യാഹു പറഞ്ഞത്. വീഡിയോ സന്ദേശത്തിലൂടെ ഇറാനികളെ അഭിസംബോധന ചെയ്യവെയായിരുന്നു ഈ വാഗ്ദാനം.
എന്നാൽ ‘ഗാസയിലെ ജനങ്ങൾക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്ന ഒരു ഭരണകൂടം ഇറാനിലേക്ക് വെളളം കൊണ്ടുവരുമെന്ന് പറയുന്നു? ഒരു ദിവാസ്വപ്നം, അതിൽ കൂടുതൽ ഒന്നുമില്ല’ എന്നാണ് മസൂദ് മറുപടി നൽകിയത്. ‘വഞ്ചകരായ അവർ ഇറാൻ ജനതയോട് കപട അനുകമ്പകാണിക്കുകയാണ്. ആദ്യം ഗാസയിലെ ദുരവസ്ഥയിലേക്ക് നോക്കൂ. പ്രത്യേകിച്ച് പട്ടിണികിടന്ന് ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന കുട്ടികളെ, വെള്ളവും മരുന്നും ഇല്ലാതെ കഷ്ടപ്പെടുന്നവരെ. ഭരണകൂടത്തിന്റെ ഉപരോധം കാരണം ബുദ്ധിമുട്ടുന്ന അവരുടെ ദുഷ്കരമായ അവസ്ഥയിലേക്ക് നോക്കൂ’ മസൂദ് പറഞ്ഞു.