അമേരിക്കയ്ക്ക് ഇറാന്റെ വാണിംഗ് ; കരുതിയിരുന്നോളു

അമേരിയ്ക്കയോട് കരുതിയിരുന്നോളു എന്ന മുന്നറിയിപ്പുമായി ഇറാൻ .ഇറാന് ദുര്‍ബലമാണെന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും ആവര്‍ത്തിച്ചുള്ള വാദങ്ങള്‍ക്ക് തിരിച്ചടിയായി ഇസ്രയേലിനെതിരെ മൂന്നാമത്തെ നേരിട്ടുള്ള ആക്രമണം ഏത് നിമിഷവും ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇറാന്.
ഇറാന്റെ മുതിര്‍ന്ന ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) കമാന്‍ഡറായ അലി ഫദവിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ഓപ്പറേഷന് ട്രൂ പ്രോമിസ് 3 എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ശരിയായ സമയത്ത് നടക്കുമെന്നും അദ്ദേഹം പറഞ്ഞതായി പ്രമുഖ ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഇറാന് മുമ്ബ് ഇസ്രയേലിനെ മിസൈല്‍ ആക്രമണത്തിലൂടെ ലക്ഷ്യമിട്ടിരുന്നു. ഇറാന്റെ പ്രതിരോധശക്തി ദുര്‍ബലപ്പെടുത്തിയെന്ന് ആരോപിച്ച് ഒക്ടോബര്‍ 26 ന് ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തെ അമേരിക്കയും വാനോളം പുകഴ്ത്തിയിരുന്നു. എന്നാല്‍ തുടക്കം മുതല്‍ തന്നെ ഇസ്ലാമിക് റിപ്പബ്ലിക് എതിരാളികളില്‍ നിന്നുള്ള ഭീഷണികളെ വിജയകരമായി അതിജീവിച്ചിട്ടുണ്ടെന്ന് ഫദവി വ്യക്തമാക്കി.
ലോകത്തിലെ ദുഷ്ടന്മാര് നമുക്കെതിരെ യുദ്ധം ചെയ്യാത്ത ഒരു ദിവസം പോലും കടന്നുപോയിട്ടില്ലെന്നും നമ്മെ നേരിടാന്‍ മറുവശത്ത് ആരാണ് നില്‍ക്കുന്നത്? മഹാനായ സാത്താന്, അമേരിക്ക, എന്നും അദ്ദേഹം ആരോപിച്ചു.
അമേരിക്കന്‍ ഐക്യനാടുകളെ ‘ഗ്രേറ്റ് സാത്താന്’ എന്ന് വിശേഷിപ്പിച്ചത് 1979 നവംബര്‍ 5-ന് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ ആയത്തുള്ള ഖമേനിയാണ്.അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇസ്രയേല്‍ സന്ദര്‍ശിച്ച് ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഇറാനെ നിയന്ത്രിക്കുന്നതിനെക്കുറിച്ചും അതിന്റെ ആണവ വികസനം പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച നടത്തി ഒരു ദിവസത്തിന് ശേഷമാണ് അലി ഫദവിയുടെ പ്രസ്ഥാവന പുറത്ത് വന്നത്.
ഗാസയില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ഇസ്രയേല്‍ ഇറാന് വലിയ തിരിച്ചടി നല്‍കിയിട്ടുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പിന്തുണയോടെ നമുക്ക് ആ ജോലി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതില്‍ എനിക്ക് സംശയമില്ല എന്നും നെതന്യാഹു പറഞ്ഞിരുന്നു.
2024 ഏപ്രില്‍ 13-ന് നടന്ന ഓപ്പറേഷന് ട്രൂ പ്രോമിസ് 1 എന്ന ഇറാന്റെ ഇസ്രയേലിന് നേരെ നടത്തിയ ആക്രമണത്തില്‍ 300-ലധികം മിസൈലുകളും ഡ്രോണുകളും ഉള്‍പ്പെട്ടിരുന്നു. ദമാസ്കസില്‍ രണ്ട് ഇറാനിയന്‍ ജനറല്‍മാരെ കൊലപ്പെടുത്തിയതിന് പ്രതികാരമായായിരുന്നു ഇറാന്റെ ഈ നടപടി.
2024 ഒക്ടോബര്‍ 1-നാണ് ഓപ്പറേഷന് ട്രൂ പ്രോമിസ് 2 നടന്നത്. മുന്‍ ഹിസ്ബുള്ള നേതാവ് ഹസ്സന് നസ്റുള്ള ഉള്‍പ്പെടെയുള്ള ഇറാനുമായി സഖ്യമുണ്ടാക്കിയ നേതാക്കളെ വധിച്ചതിന് പകരമായി ഇസ്രയേലി സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഏകദേശം 200 മിസൈലുകളാണ് ഇറാന് തൊടുത്ത് വിട്ടത്. ഈ വര്‍ഷം ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തുമെന്ന് അമേരിക്കന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇറാന് ശത്രുക്കളുടെ ആക്രമണത്തെ ചെറുക്കാന്‍ കഴിയുമെന്ന് സുപ്രീം നേതാവ് അലി ഖമേനി മറുപടി നല്‍കിയത്.
അതേസമയം, രാജ്യത്തിനെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെ തന്ത്രങ്ങള്‍ ഇറാനെ ഒരിക്കലും തളര്‍ത്തില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറയുകയുണ്ടായി. ഇറാന്റെ നിലപാട് എല്ലാവര്ക്കും വ്യക്തമാണ്. സമ്മര്‍ദ്ദത്തിനും ഭീഷണികള്‍ക്കും വഴങ്ങി ഒരു ചര്‍ച്ചയും ഞങ്ങള്‍ നടത്തില്ലെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അരാഗ്ചി പറഞ്ഞു.
ഇറാന്റെ ആണവ പദ്ധതിയെ കുറിച്ച് അമേരിക്കയുമായി ഒന്നുകില്‍ ഒരു കരാറിലെത്തുക അല്ലെങ്കില്‍ കടുത്ത ആക്രമണങ്ങള്‍ നേരിടുക എന്ന ട്രംപിന്റെ നിര്‍ദേശത്തോടുള്ള ഇറാന്റെ മറുപടിയാണ് വിദേശകാര്യ മന്ത്രിയുടെ ഈ വാക്കുകള്‍. ഇറാനെതിരെ പരമാവധി സമ്മര്‍ദ്ദവും പ്രമേയങ്ങളും കൊണ്ടുവരാന്‍ ശത്രുക്കള്‍ ശ്രമിച്ചെങ്കിലും അതിലൊന്നും ഇറാന് പതറിയില്ലെന്നും അരാഗ് ചി കൂട്ടിച്ചേര്‍ത്തു.
ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ എണ്ണ കയറ്റുമതി പൂജ്യത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇറാനുമേലുള്ള പരമാവധി സമ്മര്‍ദ്ദനയം വീണ്ടും കൊണ്ടുവരുന്ന ഒരു നിര്‍ദ്ദേശത്തില്‍ ട്രംപ് ഈ മാസം ഒപ്പു വെച്ചിരുന്നു. ഒപ്പുവെച്ചതിന് ശേഷ പക്ഷെ, ആക്രമണത്തെക്കാള്‍ ഇറാനുമായി ഒരു കരാറാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് ട്രംപ് പറഞ്ഞിരുന്നു.
എന്നാല്‍ ട്രംപ് ഭരണകൂടവുമായി ചര്‍ച്ച നടത്താനുള്ള ഒരു താല്പര്യം അലി ഖമേനി കാണിച്ചിരുന്നില്ല. കൂടാതെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഉഭയകക്ഷി സന്ദര്‍ശനത്തിനായി ഇറാന് സന്ദര്‍ശിക്കുമെന്ന് അരാഗ്ചി പറഞ്ഞു. പ്രദേശകി സംഘര്‍ഷങ്ങളില്‍ ഒരു പ്രധാന മധ്യസ്ഥനായ ഖത്തര്‍ ഇറാനും അമേരിക്കയുമായി നല്ല ബന്ധം പുലര്‍ത്തുന്നവരാണ്.
അതിനിടയില്‍, യുദ്ധക്കളത്തില്‍ കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവുമായ ആശയവിനിമയം ഉറപ്പാക്കുന്നതിനായി രണ്ട് തരം നൂതന തന്ത്രപരമായ ആശയവിനിമയ വാഹനങ്ങളെ സേനയിലേക്ക് ഇറാന് സംയോജിപ്പിച്ചതായി ഇറാനിയന്‍ മാധ്യമമായ പ്രസ്സ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ഐആര്‍ജിസിയുടെ സൈനിക ശേഷിയില്‍ വളര്‍ച്ച അടയാളപ്പെടുത്തിയ ഈ വികസനം കോര്‍പ്സിന്റെ ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമിയുടെ സാന്നിധ്യത്തില്‍ ഫെബ്രുവരി 17 നാണ് നടന്നത്.
പര്‍വതപ്രദേശങ്ങളിലെ ദുര്‍ഘടമായ ഭൂപ്രദേശങ്ങളിലായാലും കഠിനമായ കാലാവസ്ഥ നേരിടുമ്ബോഴായാലും ഐ ആര് ജി സിയുടെ കരസേനയ്ക്ക് കൃത്യമായ ആശയവിനിമയം നല്‍കുന്നതിനാണ് അത്യാധുനിക ഖതം 270 ഉം 450 ഉം വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഇറാന്റെ സൈനിക പ്രവര്‍ത്തനങ്ങളുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന ഐ ആര് ജി സി യുടെ സേനകള്‍ക്ക് തടസ്സമില്ലാത്തതും തത്സമയവുമായ കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സേവനങ്ങള്‍ ഈ വാഹനങ്ങള്‍ ഉറപ്പാക്കുന്നു. ഇറാന്റെ സായുധ സേനയിലുള്ള സാങ്കേതിക മികവ് മാത്രമല്ല, ഏത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും മൊബൈല്‍ യൂണിറ്റുകളുടെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മാറ്റത്തിന്റെ സൂചനയായും പ്രതിരോധ ഉദ്യോഗസ്ഥര്‍ ഈ വാഹനങ്ങളെ അഭിസംഭോധന ചെയ്തു.
പ്രതിരോധ മന്ത്രാലയത്തിലെയും സായുധ സേന ലോജിസ്റ്റിക്സിലെയും വിദഗ്ധര്‍ കോര്‍പ്സിന്റെ കമ്മ്യൂണിക്കേഷന്‍സ് വിഭാഗവുമായി സഹകരിച്ച് നടത്തിയ നിരവധി മാസത്തെ ഗവേഷണ, പ്രവര്‍ത്തന പരീക്ഷണങ്ങളുടെ പരിസമാപ്തിയാണ് ആ വാഹനങ്ങളുടെ കണ്ടുപിടുത്തം.
നിരീക്ഷകരുടെ അഭിപ്രായത്തില്‍, സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ തുടര്‍ച്ചയായ ശ്രമങ്ങളില്‍ ഈ വികസനം ഒരു സുപ്രധാന നാഴികക്കല്ലാണ്. നിരവധി ഉന്നത പ്രതിരോധ നവീകരണങ്ങളുടെ ചുവടുപിടിച്ചാണ് ഈ നേട്ടം കൈവരിച്ചത്. അതുകൂടാതെ ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത 2,000 കിലോമീറ്റര്‍ വരെ പറക്കാന്‍ സാധിക്കുന്ന ഒരു സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് IRGC.
കൂടാതെ, സമുദ്ര മേഖലകളില്‍ നിരീക്ഷണവും ആക്രമണ ശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനായി വിവിധതരം ആളില്ലാ ആകാശ സംവിധാനങ്ങള്‍ (UAS) വിക്ഷേപിക്കാന്‍ കഴിവുള്ള ഒരു പുതിയ ഡ്രോണ്‍ കാരിയര്‍ കപ്പല്‍ രാജ്യത്തിന്റെ നാവിക സേന അടുത്തിടെ വിന്യസിച്ചിരുന്നു. ദിവസേന കൂടികൊണ്ടിരിക്കുന്ന സുരക്ഷാ ഭീഷണികള്‍ക്കുള്ള നേരിട്ടുള്ള പ്രതികരണമായാണ് ഇത്തരം മുന്നേറ്റങ്ങള്‍ രാജ്യം നടത്തുന്നതെന്ന് ഇറാന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പുറത്ത് നിന്നും വരുന്ന മുന്നറിയിപ്പുകള്‍ക്കുള്ള തക്കതായ പ്രതിരോധ ശേഷിയാണ് രാജ്യത്തിനുള്ളതെന്ന് ഇറാന് ആവര്‍ത്തിച്ച് പറഞ്ഞു. ദേശീയ സുരക്ഷയും പ്രാദേശിക സ്വാധീനവും നിലനിര്‍ത്തുന്നതിനുള്ള പ്രതിബദ്ധതക്കും രാജ്യം പ്രാധാന്യം നല്‍കുന്നുണ്ട്.