കഞ്ചിക്കോട് മദ്യനിർമ്മാണ ശാല: മന്ത്രിസഭ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കഞ്ചിക്കോട് മദ്യനിർമ്മാണ ശാല അനുവദിച്ച മന്ത്രിസഭ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് .പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമ്മിത വിദേശമദ്യ ബോട്ടിലിങ് യൂണിറ്റ്, ബ്രൂവറി, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ് കൊമേർഷ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നൽകിയുള്ള മന്ത്രിസഭ തീരുമാനം ദുരൂഹമാണെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു .
രാജ്യത്തെ പ്രമുഖ മദ്യ നിർമ്മാണ കമ്പനികളിൽ ഒന്നായ ഒയാസിസിന് ബ്രൂവറി അടക്കം അനുവദിക്കാനുള്ള തീരുമാനം എന്ത് അടിസ്ഥാനത്തിൽ ആണെന്ന് സർക്കാർ വ്യക്തമാക്കണം. ഒരു കമ്പനിയെ മാത്രം എങ്ങനെ തിരഞ്ഞെടുത്തുവെന്നും മാനദണ്ഡങ്ങൾ എന്താണെന്നും സർക്കാർ പൊതുസമൂഹത്തോട് പറയണം. മദ്യ നിർമ്മാണത്തിന്റെ പേരിലുള്ള അഴിമതി പ്രതിപക്ഷം അനുവദിക്കില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.