മലയാളി വിദ്യാര്‍ഥിനിയെ ഖരഗ്പുര്‍ IIT-യില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

മലയാളി വിദ്യാർഥിനിയെ ഖരഗ്പുർ ഐ.ഐ.ടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി ദേവിക പിള്ളയെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ബയോസയൻസ് ആൻഡ് ബയോടെക്നോളജി മൂന്നാംവർഷ വിദ്യാർഥിയാണ്.
സ്ഥാപനത്തിലെ സരോജിനി നായിഡു/ഇന്ദിരാഗാന്ധി ഹാള്‍ പരിസരത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു വിദ്യാർഥിനിയുടെ മൃതദേഹമെന്ന് ഐഐടി ഖരഗ്പുർ അറിയിച്ചു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. അന്വേഷണത്തോട് സ്ഥാപന അധികാരികള്‍ പൂർണമായും സഹകരിക്കും. 8.37 സി.ജി.പി.എയുള്ള പഠനത്തില്‍ മിടുക്കിയായ വിദ്യാർഥിനിയായിരുന്നു ദേവിക. നിലവില്‍ ബയോസയൻസ് ആൻഡ് ബയോടെക്നോളജി വിഭാഗത്തിലെ പ്രൊഫസറുടെ കീഴില്‍ സമ്മർ ഇന്റേണ്‍ഷിപ്പ് നടത്തുകയായിരുന്നുവെന്നും വിദ്യാഭ്യാസ സ്ഥാപനം പ്രസ്താവനയില്‍ അറിയിച്ചു.
വിദ്യാർഥിനിയുടെ ബന്ധുക്കള്‍ ഖരഗ്പുരിലെ ആശുപത്രിലെത്തി മൃതദേഹം ഏറ്റുവാങ്ങി കേരളത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം സംസ്കരിക്കുമെന്നാണ് വിവരം. അന്വേഷണം പൂർത്തിയായാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, ജീവനൊടുക്കാൻ തക്കതായ യാതൊരു പ്രശ്നങ്ങളും ദേവികയ്ക്ക് ഇല്ലായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.