ഗെഹ്ലോട്ട് സര്‍ക്കാരിന്റെ അഴിമതി തുറന്നു കാണിച്ച മന്ത്രി രാജേന്ദ്ര ഗുദ്ധ ശിവസേനയില്‍ ചേര്‍ന്നു
രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന രാജേന്ദ്ര ഗുദ്ധ ശിവസേനയില്‍ ചേര്‍ന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയില്‍ നിന്ന് ജുജ്നുവില്‍ വച്ചാണ് അംഗത്വം സ്വീകരിച്ചത്.
എൻഡിഎയ്ക്കൊപ്പം ചേര്‍ന്ന് രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളിയാകുമെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ യുവാക്കളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ് തൻറെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാൻ ക്യാബിനറ്റ് മന്ത്രിയായിരുന്ന ഗുദ്ധ സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് പുറത്താക്കപ്പെട്ടു. സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികള്‍ക്കും സുരക്ഷയില്ലെന്ന പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനത്ത് നിന്ന് ഗുദ്ധയെ നീക്കം ചെയ്തിരുന്നു. പൊതുവേദിയില്‍ ഗെഹ്ലോട്ട് സര്‍ക്കാരിന്റെ അഴിമതി കണക്കുകള്‍ അടങ്ങിയ ഡയറി കൈവശം ഉണ്ടെന്ന് ഗുദ്ധ അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന് പാര്‍ലമെന്റ് സ്മ്മേളനത്തിനെത്തിയ ഇയാളെ കോണ്‍ഗ്രസ് നേതാക്കന്മാരും എംഎല്‍എമാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസിനൊപ്പം നില്ക്കുമ്പോൾ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാൻ സാധിക്കില്ലെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ പരാജയപ്പെട്ടെന്നും ഗുദ്ധ ആരോപിച്ചിരുന്നു. പിന്നാലെയാണ് ഇയാള്‍ ശിവസേനയില്‍ അംഗത്വം സ്വീകരിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെയും ശിവസേനയുടെയും നേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടിയാണ് ഗുദ്ധ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്.