സംയുക്ത വാർത്താ സമ്മേളനത്തിൽ ഗൗതം അദാനിയുമായി ബന്ധപ്പെട്ട ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി നരേന്ദ്ര മോദി

ശത കോടീശ്വരൻ ഗൗതം അദാനിക്കെതിരെ യുഎസ് പ്രോസിക്യൂട്ടർമാർ ചുമത്തിയ കൈക്കൂലി, വഞ്ചനാ കുറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി നരേന്ദ്ര മോദി. വ്യക്തിപരമായ കാര്യങ്ങൾ ഉഭയകക്ഷി യോഗത്തിൽ ചർച്ച ചെയ്യേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെ ഗൗതം അദാനിയുമായി ബന്ധപ്പെട്ട ചോദ്യത്തോടായിരുന്നു മോദിയുടെ പ്രതികരണം.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. നമ്മുടെ സംസ്കാരം ‘വസുധൈവ കുടുംബകം’ ആണ്. ഞങ്ങൾ ലോകത്തെ മുഴുവൻ ഒരു കുടുംബമായി കാണുന്നു. ഓരോ ഇന്ത്യക്കാരനും എൻ്റേതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇരു രാജ്യങ്ങളിലെയും രണ്ട് നേതാക്കൾ കണ്ട് മുട്ടുമ്പോൾ ഇത്തരം വ്യക്തിപരമായ കാര്യങ്ങൾ ഒന്നും ചർച്ച ചെയ്യില്ല എന്നായിരുന്നു മോദിയുടെ പ്രതികരണം.
അദാനിക്കെതിരായ അഴിമതി വിഷയത്തിൽ പ്രധാനമന്ത്രി നിശബ്ദത തുടരുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. അമേരിക്കയിലും പ്രധാനമന്ത്രി അദാനിയുടെ അഴിമതി പൊതിഞ്ഞ് പിടിച്ചിരിക്കുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ‘രാജ്യത്ത് ചോദ്യം ചോദിക്കുന്നതിനെ നിശബ്ദത കെണ്ട് നേരിടും. വിദേശത്ത് ഇത് വ്യക്തിപരമായ കാര്യമായി കണക്കാക്കുന്നു! അമേരിക്കയിൽ പോലും മോദി അദാനിയുടെ അഴിമതി മൂടിവച്ചു! സുഹൃത്തിൻ്റെ പോക്കറ്റ് നിറയ്ക്കുന്നത് മോദിക്ക് ‘രാഷ്ട്രനിർമ്മാണമാണ്’. അപ്പോൾ കൈക്കൂലിയും രാജ്യത്തിൻ്റെ സമ്പത്ത് കൊള്ളയടിക്കലും ‘വ്യക്തിപരമായ കാര്യമായി’ മാറുന്നു’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എംപി സാകേത് ഗോഖലെയും വിഷയത്തിൽ പ്രതികരിച്ചു. “യുഎസിൽ ഒരു പത്രസമ്മേളനം നടത്താൻ പ്രധാനമന്ത്രി മോദി നിർബന്ധിതനാകുന്നു – 11 വർഷമായി അദ്ദേഹം ഇന്ത്യയിൽ ചെയ്തിട്ടില്ലാത്ത കാര്യം. അതിനാലാണ് അദ്ദേഹത്തോട് ഇന്ത്യയിലെ മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിക്കാത്തത്. അതുകൊണ്ടാണ് ഇന്ത്യയിലെ അദ്ദേഹത്തിൻ്റെ ‘അഭിമുഖങ്ങൾ’ പൂർണ്ണമായും തിരക്കഥായായി മാറിയിരിക്കുന്നത്. അദ്ദേഹം വളരെ രോഷാകുലനാണ്,” എന്നായിരുന്നു ഗോഖലെ എക്സിൽ കുറിച്ചത്.