പുത്തൻകാവ് പാലത്തിൽ ദിവസങ്ങളായി വീണ്ടും ഇരുട്ടിൽ

പുത്തൻകാവ് പാലത്തിൽ ദിവസങ്ങളായി പാലത്തിനു സമീപത്തെ വഴിവിളക്കുകൾ പ്രകാശിക്കുന്നില്ല എന്ന് പരാതി. സർവീസ് ബസുകളടക്കം ഒട്ടേറെ വാഹനങ്ങളാണ് എറണാകുളത്തു നിന്നു കാഞ്ഞിരമറ്റം, കോട്ടയം, ഭാഗങ്ങളിലേക്ക് ഇതിലൂടെ പോകുന്നത്. പാലത്തിൽ വെളിച്ചം ഇല്ലാതായതോടെ രാത്രിയാത്ര ദുഷ്കരമായെന്നു യാത്രക്കാർ പറയുന്നു. രാത്രി ജോലി കഴിഞ്ഞു വരുന്ന ആളുകൾ കാൽനടയായി പോകുന്ന പാത കൂടിയാണിത്. വെളിച്ചക്കുറവ് കാരണം മൊബൈൽ ഫോൺ, ടോർച്ച് എന്നിവ ഉപയോഗിച്ചാണ് ഇവർ നടന്നു പോകുന്നത്. നടപ്പാത പോലും ഇല്ലാത്ത പാലത്തിൽ കാൽനട യാത്രക്കാർ ജീവൻ പണയം വച്ചാണ് പോകുന്നത്. രാത്രി ഇതിലൂടെ പോകുന്ന ബൈക്ക് യാത്രികരുടെ ബുദ്ധിമുട്ടും ചില്ലറയല്ല. പാലത്തിൽ വെളിച്ചമെത്തിക്കുന്നതിനു ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.