ശമിക്കാത്ത വർണ്ണവെറി,ഗതി കേട്ടൊരു പെൺകുട്ടി ;സാറാ ബാർട്ട്മാൻ

1789 ആണ് കാലഘട്ടം ,ദക്ഷിണാഫ്രിക്ക അന്ന് ബ്രിട്ടീഷ് അധീനതയിലായിരുന്നു. സാറാബാർട്ട് മാൻ എന്ന പെൺകൊടി 1789ൽ ദക്ഷിണാഫ്രക്കയിലെ ഈസ്റ്റേൺ കേപ് എന്ന സ്ഥലത്ത് ജനിച്ചു. കാലിമേച്ചും കൃഷിചെയ്തും ജീവിച്ചുപോന്ന ഗുഹാവാസികളായിരുന്നു അന്ന് അവരുടെ ഗോത്രം.
സാറക്ക് രണ്ടുവയസായിരുന്ന കാലം അമ്മ മരിച്ചു. നാലുവയസായപ്പോളേക്കും അപ്പനും. സാറയുടെ ഏക മകൾ ചെറുപ്രായത്തിൽത്തന്നെ മരിച്ചുപോയിരുന്നു. ഭർത്താവ് പിന്നീട് ഒരു ഡച്ച് അധിനിവേശക്കാരനാൽ കൊല്ലപ്പെട്ടു. പൂർണ്ണമായ അനാഥത്വം.
ഉപജീവനാർത്ഥം വീട്ടുവേലകൾതേടി സാറ കേപ്ടൗണിലേക്ക് പോയി.
സാറയുടെ ഖോയ് ഖോയ് ഗോത്രവർഗക്കാരുടെ ശരീരഘടനക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. നിതംബം അല്പം വണ്ണംകൂടിയ രീതിയിലായിരുന്നു അത്. എന്നാൽ സാറക്കാകട്ടെ അതിലുമേറെ അസാധാരണമായ നിതംബവളർച്ചയാൽ ഏവരാലും ശ്രദ്ധിക്കപ്പെടുന്ന രീതിയിലും. നിതംബത്തിൽ അസാധാരണമായി കൊഴുപ്പടിഞ്ഞ് വണ്ണംവെക്കുന്ന ആ അവസ്ഥക്ക് സ്റ്റീ അട്ടോ പിജിയ എന്നാണ് പേര്.
സാറ ജോലിചെയ്തിരുന്ന വീടിന്റെ ഉമസ്ഥൻ പീറ്റർ സോസയുടെ വീട്ടിലേക്ക് ഒരു ദിവസം രണ്ട് അതിഥികൾ വന്നെത്തി. പീറ്ററിന്റെ സഹോദരൻ ഹെൻറിക്ക് സീസറും അയാളുടെ സുഹൃത്ത് വില്യം ഡൺലപും. സാറയുടെ ശരീരഘടനയിൽ ആകൃഷ്ടരായ അതിഥികൾ അവളെ ലണ്ടനിലെത്തിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു. വിവിധങ്ങളായ പ്രദർശനവേദികളുടെ കൂടാരങ്ങളാൽ സമ്പുഷ്ടമായിരുന്നു അക്കാലം ലണ്ടൻ നഗരം. ഏതെങ്കിലും ഒരു പ്രദർശനശാലയുടെ ഉടമയായിരിക്കുക എന്നത് ഒരു സാമൂഹിക ഔന്നത്യമായി കൊണ്ടാടപ്പെട്ടിരുന്ന കാലം.
അത്തരം ഒരു വേദിയിൽ, അസാധാരണ നിതംബവളർച്ചയുള്ള സാറയെ പ്രദർശിപ്പിക്കുക എന്നതായിരുന്നു ഇരുവരുടേയും ലക്ഷ്യം. ഇംഗ്ലീഷ് ഭാഷയിൽ, സാറക്ക് വായിച്ചറിയാനാകാത്ത വിധം തയ്യാറാക്കപ്പെട്ട ഒരു കരാറിലെ ഒപ്പുബലത്തിൽ 1810 ൽ അവർ സാറയെ ലണ്ടനിലെത്തിച്ചു.
സാമാന്യം തടിച്ച നിതംബം എന്നത് അന്ന് സൗന്ദര്യത്തിന്റെ മാനദണ്ഡമായി കരുതിയിരുന്ന യൂറോപ്യർക്കിടയിൽ സാറയും അവളുടെ നിതംബവും ചൂടുള്ള വാർത്തയായി. സാറയുടെ അവയവങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള പാട്ടുകളൊരുക്കി പ്രദർശന നടത്തിപ്പുകാർ കാണികളെ ക്ഷണിച്ചു. അവളുടെ ഉയർന്ന നിതംബത്തിന്റെ നഗ്നചിത്രങ്ങളാൽ ലണ്ടൻനഗരഭിത്തികൾ അതിന്റെ നഗ്നത മറച്ചു. ഒട്ടകപ്പക്ഷിയുടെതൂവലുകൾ പിടിപ്പിച്ച ഇറുകിയവസ്ത്രത്തോടെ അർദ്ധനഗ്നനായി അണിയിച്ചൊരുക്കപ്പെട്ട സാറയെ ഒരു മൃഗത്തെയെന്നതുപോലെ ഇരുമ്പുകൂട്ടിലാണ് വേദിയിലേക്ക് വലിച്ചുകൊണ്ടുവന്നിരുന്നത്.
കൂട്ടിൽനിന്ന് പുറത്തിറങ്ങാൻ വിസമ്മതിക്കുമ്പോളൊക്കെ ചാട്ടവാറടിച്ചും ഇരുമ്പുതോട്ടിയാൽ അഴികൾക്കിടയിലൂടെ കുത്തിയും അവളെ പുറത്തുചാടിച്ചു. അത് കാണാൻ ഇരമ്പിയെത്തിയ ജനം ഒരു മൃഗത്തെ കാണുന്ന കൗതുകത്തോടേയും ആർപ്പുവിളികളോടെയും സാറയെ എതിരേറ്റു. സമ്പന്നരുടെ വീടുകളിലെ സ്വകാര്യപ്രദർശനങ്ങളിലേക്കും സാറ തെളിച്ചുകൊണ്ടുപോകപ്പെട്ടു.
പുരുഷനേരമ്പോക്കുകളുടെ ഏറ്റവും വിലപിടിച്ച കളിപ്പാട്ടമായി സാറ. നിറവും രൂപവും നോക്കി കൈകൊട്ടിച്ചിരക്കുന്ന പെൺസദസുകൾക്കും അവൾ കാഴ്ച്ചമൃഗമായി. മനുഷ്യനോ അതോ ഉറാങ്ങ് ഉട്ടാനോ എന്ന ഫലിതകൗതുകം നിറഞ്ഞ മുഖചേഷ്ടകളാലെ സദസ്യർ സാറയെ എതിരേറ്റു.
1807 ൽ ലണ്ടനിൽ അടിമക്കച്ചവടം അവസാനിപ്പിച്ചുകൊണ്ടുള്ള നിയമം പ്രാബല്യത്തിൽവന്നു.സാറാ ബാർട്ട്മാൻ പ്രദർശന’ത്തിന് കാണികൾ കുറഞ്ഞതോടെ അവളേയുംകൊണ്ട് സംഘാടകൾ ബ്രിട്ടണിലേക്കും അയർലന്റിലേക്കും പ്രദർശനയാത്രകൾ സംഘടിപ്പിച്ചു. പ്രദർശനഷോകൾക്ക് വിലക്ക് വന്നേക്കാമെന്നതോടെ 1814 ൽ സീസർ സാറയുമായി പാരീസിലേക്ക് പുറപ്പെട്ടു.
അവിടെ അവൾ മദ്യപാനശാലകളിലെ മുഖ്യാതിഥിയായി ഉന്നതരെ ആകർഷിക്കാൻ നിയോഗിതയായി. സീസർ അവളെ ഒരു മൃഗപ്രദർശനശാലക്കാരന് കൈമാറി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുപോയി. ഏകാന്തതയും വിഷാദവും നിർബന്ധിത വ്യഭിചാരവും സാറയെ നിത്യമദ്യപാനിയാക്കി.
വംശീയശാസ്ത്ര പഠനങ്ങളുടെ തുടക്കകാലമായിരുന്നു അത്. അതിനായി സാറയുടെ ശരീരഘടന വരച്ചെടുക്കാൻ വന്ന ശാസ്ത്രകാരന്മാർക്കുമുന്നിൽ നഗ്നതപ്രദർശിപ്പിക്കാൻ സാറ വിസമ്മതിച്ചു. അത് തന്റെ അന്തസ്സുകെടുത്തുന്ന ഒന്നാണെന്ന് സാറ വിശ്വസിച്ചു.
1815 ഡിസംബർ 29 ന് പാരീസിലെ ഒരു സ്റ്റേജ് ഷോക്കിടയിൽ സാറ അവളുടെ ഇരുപത്തിആറാം വയസിൽ മരിച്ചുവീണു.
മരിച്ചിട്ടും ഒടുങ്ങിയില്ല അവളേറ്റ പീഢനങ്ങളുടെ അമ്പുമുനകൾ. സാറയുടെ നിതംബവും ഗുഹ്യഭാഗങ്ങളും തലച്ചോറും, മാംസം പിഴുതെടുത്ത അസ്ഥികൂടവും ഫ്രാൻസിലെ മ്യൂസിയത്തിൽ ( Museum of Man ) പ്രദർശനത്തിനുവെക്കപ്പെട്ടു. അതിനൊപ്പം അവളുടെ പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിക്കപ്പെട്ട ഒരു പൂർണ്ണകായ ശില്പവും.
1815 മുതൽ 1974 വരെ അതവിടെ പ്രദർശിപ്പിക്കപ്പെട്ടു. 1994 ൽ നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായിരുന്ന കാലം സാറയുടെ ഭൗതികാവശിഷ്ടങ്ങൾ വിട്ടുകിട്ടാനുള്ള നടപടികളുമായി മുന്നോട്ടുവന്നു. എട്ടുവർഷങ്ങളാണ് ആ നടപടിക്രമങ്ങൾ പൂർണ്ണമാകാനായി എടുത്തത്. ഒടുവിൽ 192 ) ശേഷം രണ്ടായിരത്തിരണ്ടിൽ, അറുത്തുമാറ്റപ്പെട്ട നിതംബമായും ഗുഹ്യഭാഗമായും മാംസം പിഴുതെടുക്കപ്പെട്ട അസ്ഥികൂടമായും അതിനെ അനുഗമിച്ച പഴകിയൊരു പ്ലാസ്റ്റർ ഓഫ് പാരീസ് പ്രതിമയായും സ്വന്തം മണ്ണിലേക്ക് സാറാ ബാർട്ട്മാൻ തിരിച്ചെത്തി.
ഉചിതമായ വരവേൽപ്പാണ് ആ തിരിച്ചുവരവിന് മണ്ടേല ഒരുക്കിയത്. ഹെൻകിയിലെ കുന്നിൻ പുറത്തെ സ്വഛശാന്തമായ ഇത്തിരിമണ്ണിൽ എണ്ണമറ്റ വർണ്ണവെറിയരാൽ തൊട്ടും തലോടിയും ഭോഗിച്ചും മലിനമാക്കപ്പെട്ട ശരീരാവശിഷ്ടങ്ങൾ അലിഞ്ഞമർന്നു. അതിനുമീതെ എഴുന്നുനിന്ന
കരിമാർബിൾഫലകത്തിൽ ഇങ്ങനെ കൊത്തിവെക്കപ്പെട്ടു.
“സാറാ ബാർട്ട്മാന്റെ മടക്കത്തിലൂടെ ആ ജീവിതത്തിലേക്കൊരു നോട്ടമെത്തിക്കുകയും, സ്വഗോത്രത്തിലെ മുൻഗാമികളുടേയും പിൻഗാമികളുടേയും അന്തസ് ഉയർത്തുകയും ചെയ്തിരിക്കുകയാണ് മാതൃരാജ്യം”ശമിക്കാത്ത വർണ്ണവെറി അവിടെയും തീർന്നില്ല.
2015 ഏപ്രിൽ 25 ശനിയാഴ്ച ആ ശിലാഫലകത്തിനുമേൽ വെളച്ചായമൊഴിച്ച് വികൃതമാക്കപ്പെട്ടു!
ജീവിച്ചിരിക്കുമ്പോൾ, മരിച്ചുകഴിഞ്ഞ്, മണ്ണടിഞ്ഞുകഴിഞ്ഞ് എന്നെല്ലാം ഒരു ജീവിതത്തിന്റെ പലകാലങ്ങളിൽ സാറയെ പിന്തുടർന്നുകൊണ്ടിരിക്കുന്നത്ര വർണ്ണവെറിയും അന്തസ്സുകെടുത്തലുകളും ഭൂമിയിലെ മറ്റേത് മനുഷ്യന് ഏറ്റുവാങ്ങപ്പെടേണ്ടിവന്നിട്ടുണ്ട്!