അമേരിക്കയുടെ ചുവട് തങ്ങുന്ന യൂറോപ്യൻ യൂണിയൻ;ട്രംപ് വന്നാലും ഇതൊക്കെ തന്നെയെന്ന് പുടിൻ

യൂറോപ്യൻ യൂണിയൻ എല്ലായ്പ്പോഴും അമേരിക്കയിൽ നിന്ന് രാഷ്ട്രീയ ഉപദേശങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും ഡോണൾഡ് ട്രംപ് വരുമ്പോളും അതെ സ്ഥിതി തന്നെ ഉണ്ടാകുമെന്നും ആണ് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ പറയുന്നത്. ചില യൂറോപ്യൻ യൂണിയൻ നേതാക്കൾ ട്രംപിൻ്റെ തിരഞ്ഞെടുപ്പിനെ സജീവമായി എതിർക്കുന്നുണ്ടെങ്കിലും, ട്രംപ് ഈ പ്രതിസന്ധികളെല്ലാം മറികടന്ന്, യൂറോപ്യൻ സംഘത്തെ വളരെ വേഗത്തിൽ തന്നെ തിരികെ തനിക്കനുകൂലമായി തിരിക്കുമെന്നും പുടിൻ പറഞ്ഞു.
റഷ്യൻ ജേർണലിസ്റ്റായ പവൽ സറൂബിന് നൽകിയ അഭിമുഖത്തിലാണ് റഷ്യൻ പ്രസിഡൻ്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കയിൽ നിന്ന് സ്വതന്ത്രമായി, സ്വയം അഭിപ്രായങ്ങൾ രൂപീകരിക്കാൻ കഴിവുള്ള ശക്തരായ രാഷ്ട്രീയക്കാർ യൂറോപ്പിൽ ഇല്ലാതായിട്ട് പതിറ്റാണ്ടുകളായി. മുൻ ഫ്രഞ്ച് പ്രസിഡൻ്റ് ജാക്വസ് ചിറാക്കിൻ്റെയും ജർമ്മൻ ചാൻസലർ ഗെർഹാർഡ് ഷ്രോഡറുടെയും കാലഘട്ടത്തെക്കുറിച്ചും പുടിൻ പരാമർശിച്ചു. എന്നാൽ, സമീപ വർഷങ്ങളിൽ, വിദ്യാഭ്യാസവും രാഷ്ട്രീയത്തിൽ വലിയ പിടിപ്പുമില്ലാത്ത നേതാക്കൾ ആണ് യൂറോപ്യൻ യൂണിയനെ നയിക്കുന്നതെന്നും പുടിൻ കുറ്റപ്പെടുത്തി.
ഈ വ്യക്തികൾ ബൈഡൻ്റെ കീഴിലായിരിക്കുമ്പോഴും അമേരിക്കയുടെ ഏത് ആജ്ഞയും നടപ്പിലാക്കിയിട്ടുണ്ടെന്നും എന്നാൽ ട്രംപിൻറെ അപ്രതീക്ഷിത വിജയം സർവ്വതും ആശയക്കുഴപ്പത്തിലാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ, അമേരിക്കയിൽ നിന്നുള്ള ഉത്തരവുകൾ യൂറോപ്യൻ യൂണിയൻ ഇനിയും പിന്തുടരും എന്നതിൽ സംശയമില്ലെന്നും അത് ഉടനെ കാണാമെന്നും പുടിൻ എടുത്ത് പറഞ്ഞു. അധികം താമസിയാതെ തന്നെ എല്ലാ പാശ്ചാത്യ നേതാക്കളും തങ്ങളുടെ യജമാനൻ ട്രംപിന്റെ കാൽക്കൽ എത്തി നിന്ന്, പതിയെ വാൽ ആട്ടുന്നത് തുടരുമെന്നും പുടിൻ പറഞ്ഞു.
“അമേരിക്ക ആദ്യം”എന്ന നയം, യൂറോപ്യൻ യൂണിയൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തൽ, യുക്രെയ്ൻ സംഘർഷത്തിൻ്റെ ഗതി മാറ്റൽ എന്നിവയാൽ പരിഭ്രാന്തരായ പല യൂറോപ്യൻ നേതാക്കളും കഴിഞ്ഞ വർഷം പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലുടനീളം ട്രംപിൻ്റെ വൈറ്റ് ഹൗസിലേക്കുള്ള മടങ്ങിവരവിൽ ആശങ്ക പ്രകടിപ്പിച്ചവരായിരുന്നു.
തിരഞ്ഞെടുപ്പ് വിജയത്തിൽ ട്രംപിനെ അഭിനന്ദിച്ചതിന് ശേഷം, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസും, ട്രംപിൻ്റെ മടങ്ങി വരവിൽ ഐക്യത്തോടെ പ്രവർത്തിക്കാൻ യൂറോപ്യൻ യൂണിയനോട് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് ഗണ്യമായ നികുതി ഏർപ്പെടുത്താനുള്ള ട്രംപിൻ്റെ നീക്കം വലിയ രാഷ്ട്രീയ പ്രക്ഷുബ്ദ്ധതയിലേക്കാണ് കാര്യങ്ങളെ നിലവിൽ കൊണ്ടെത്തിക്കുന്നത്.
ട്രംപിൻ്റെ നടപടികളോട് “ആനുപാതികമായ രീതിയിൽ” പ്രതികരിക്കുമെന്നാണ് ബെൽജിയം പ്രതിജ്ഞയെടുത്തിരിക്കുന്നത്. അതേസമയം ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോയിസ് ബെയ്റൂ കഴിഞ്ഞ ആഴ്ച ട്രംപിനും അദ്ദേഹത്തിൻ്റെ നയങ്ങൾക്കും ഒപ്പം നിൽക്കാൻ യൂറോപ്യൻ യൂണിയനോട് അഭ്യർത്ഥിച്ചു, അല്ലാത്ത പക്ഷം വലിയ അപകടം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
റഷ്യയും യുക്രെയ്നും തമ്മിലുള്ള പോരാട്ടം വേഗത്തിൽ അവസാനിപ്പിക്കുമെന്ന് ആവർത്തിച്ച് വാഗ്ദാനം ചെയ്ത ട്രംപ്, യുക്രെയ്ൻ സംഘർഷത്തിന് നയതന്ത്ര പരിഹാരം കണ്ടെത്താൻ പുടിനെ “എപ്പോൾ വേണമെങ്കിലും” കാണാൻ തയ്യാറാണെന്ന് പറയുകയുമുണ്ടായി. റഷ്യൻ പ്രസിഡൻ്റും തൻ്റെ അമേരിക്കൻ എതിരാളിയുമായി സംസാരിക്കാൻ തയ്യാറാണെന്ന് പറഞ്ഞുകൊണ്ട് ക്രെംലിനും ഇതിന് മറുപടി നൽകിയിരുന്നു. എന്നാൽ ഇരു നേതാക്കളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ റഷ്യയെ ഇതുവരെ അമേരിക്ക സമീപിച്ചിട്ടില്ലെന്നാണ് വിവരം. യുദ്ധം ഇപ്പോൾ അവസാനിപ്പിക്കണം എന്നാണ് ട്രംപിന്റെ ആഗ്രഹം. എന്ത് നടപടിയാണ് ഇതിൽ ഇനി ട്രംപ് സ്വീകരിക്കുക എന്നതാണ് അറിയേണ്ടത്.