‘അദ്ദേഹം അന്ന് സമ്മാനിച്ച ആ എഴുത്തോലയും ഓർമകളും മതി ഒരായുസിലേക്ക്’; മഞ്ജു വാര്യർ
മലയാളത്തിന്റെ വാക്കും വെളിച്ചവുമായി നിറഞ്ഞു നിന്ന എംടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് നടി മഞ്ജു വാര്യർ. എംടി സമ്മാനിച്ച എഴുത്തോലയെക്കുറിച്ച് ഓർമിച്ചു കൊണ്ടാണ് മഞ്ജു ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചുവെന്നും മഞ്ജു വാര്യർ കുറിച്ചു. വേണു സംവിധാനം ചെയ്ത് 1998 ൽ പുറത്തിറങ്ങിയ ദയ എന്ന ചിത്രത്തിലായിരുന്നു എംടിയ്ക്കൊപ്പം മഞ്ജു വാര്യർ പ്രവർത്തിച്ചത്.
മഞ്ജു വാര്യരുടെ ഫെയ്സ്ബുക്ക് കുറിപ്പ് – എംടി സാര്‍ കടന്നുപോകുമ്പോള്‍ ഞാന്‍ ഒരു എഴുത്തോലയെക്കുറിച്ച് ഓര്‍ത്തുപോകുന്നു. ഒമ്പത് വര്‍ഷം മുമ്പ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ അദ്ദേഹം എനിക്ക് സമ്മാനിച്ചത്. അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. അവിടെ സംസാരിച്ചപ്പോള്‍ ജീവിച്ചിരിക്കുന്ന എഴുത്തച്ഛനെന്നല്ലാതെയുള്ള വിശേഷണം മനസ്സില്‍ വന്നില്ല.
ആധുനിക മലയാളത്തെ വിരല്‍ പിടിച്ചു നടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എംടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു. ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എംടി സാര്‍ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! കാണുമ്പോഴൊക്കെ വാത്സല്യം തന്നു.
ഇടയ്ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക്. നന്ദി സാര്‍, ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും….