ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലഗുരുതരം; പിന്‍ഗാമിയെ ചൊല്ലിയുള്ള ചര്‍ച്ച സജീവം

ശ്വാസകോശത്തിലെ ന്യുമോണിയ ബാധയെ തുടര്‍ന്ന് റോമിലെ ജമേലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമായി തുടരുന്നു.
രണ്ടു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച പാപ്പായുടെ ആരോഗ്യാവസ്ഥ സങ്കീര്‍ണമാണെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെ വിശ്വാസ സമൂഹം ആശങ്കയിലും പ്രാര്‍ത്ഥനയിലുമാണ്.
മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ അദ്ദേഹത്തിന്റെ ആശുപത്രി വാസം ഏറെ സങ്കീര്‍ണമാണെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ ചൊല്ലിയുള്ള ചര്‍ച്ചകളും സജീവമാണ്.
ഫ്രാന്‍സിസ് മാര്‍പാപ്പയെപ്പോലെ പുരോഗമന ചിന്താഗതിക്കാരയവര് ഇനി പൊന്തിഫിസ് ആകുമോയെന്നാണ് ലോകം ഉറ്റു നോക്കുന്നത്. വനിതാ ഡീക്കന്‍ പദവിയടക്കമുള്ള വിഷയങ്ങളില്‍ പാപ്പായെ പിന്തുണച്ച ചില കര്‍ദിനാള്‍മാരും അടുത്ത പോപ്പ് ആയേക്കുമെന്ന പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.എന്നാല്‍ യാഥാസ്ഥിതിക വാദികളും അടുത്ത മാര്‍പാപ്പയാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
കര്‍ദിനാള്‍ മാറ്റിയോ സുപ്പി
ഇറ്റാലിയന്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റായ 69 കാരനായ കര്‍ദിനാള്‍ മാറ്റിയോ സുപ്പി ഇറ്റലിയിലെ ബൊലോഗ്നയിലെ ആര്‍ച്ച് ബിഷപ്പായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രിയങ്കരനായ മാറ്റിയോ സൂപ്പിയെ 2019 ലാണ് അദ്ദേഹം കര്‍ദ്ദിനാളായി നിയമിച്ചത്.
കര്‍ദിനാള്‍ ഫ്രിഡോലിന്‍ അംബോംഗോ ബെസുങ്കു
നിലവിലെ കര്‍ദിനാള്‍മാരില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ള പുരോഗമന ചിന്താഗതിക്കാരില്‍ പ്രധാനിയാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ നിന്നുള്ള 65 കാരനായ കര്‍ദിനാള്‍ ഫ്രിഡോലിന്‍ അംബോംഗോ ബെസുംഗു. ആഫ്രിക്കയിലെയും മഡഗാസ്കറിലെയും എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സുകളുടെ സിമ്ബോസിയത്തിന്റെ പ്രസിഡന്റാണ് അദ്ദേഹം.
2019 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അദ്ദേഹത്തെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. സ്വവര്‍ഗ ദമ്ബതികളെയും അവിവാഹിതരായ ദമ്ബതികളെയും ആശിര്‍വദിക്കാന്‍ കര്‍ദ്ദിനാള്‍ ഫ്രിഡോലിന്‍ അംബോംഗോ ബെസുംഗു പുരോഹിതരെ അനുവദിച്ചത് ഏറെ ശ്രദ്ധയായിരുന്നു.
കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗില്‍
സുവിശേഷവല്‍ക്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ ഒന്നാം സുവിശേഷവല്‍ക്കരണ വിഭാഗത്തിന്റെ പ്രോ-പ്രിഫെക്റ്റായും മതത്തിനായുള്ള ഇന്റര്‍ ഡികാസ്റ്റീരിയല് കമ്മീഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്ന കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗല്‍ (67 വയസ്സ്) ഫിലിപ്പീന്‍സില്‍ നിന്നുള്ള കര്‍ദിനാളാണ്.
‘ഏഷ്യയിലെ പോപ്പ് ഫ്രാന്‍സിസ്’ എന്നറിയപ്പെടുന്ന കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗല്‍ എല്‍ജിബിടിക്യു പ്ലസ് വിഭാഗം, വിവാഹമോചിതരും പുനര്‍വിവാഹം ചെയ്തവരുമായ കത്തോലിക്കര്‍ എന്നിവരെ ഇപ്പോള്‍ സഭ പരിഗണിക്കുന്ന രീതിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച വ്യക്തിയാണ്. 2012 ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ കര്‍ദിനാള്‍ ആയി നിയമിച്ചു.
കര്‍ദിനാള്‍ മരിയോ ഗ്രെച്ച്
കര്‍ദിനാള്‍ മരിയോ ഗ്രെച്ചിന് 67 വയസ്സാണ് പ്രായം. നിലവില്‍ ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറി ജനറലാണ്.വൈവാഹിക നിലയുടെയോ ലൈംഗിക മുന്‍ഗണനയുടെയോ പേരില്‍ സഭയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരോട് സംസാരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് എന്നും ഓര്‍മ്മപ്പെടുത്തുന്ന കര്‍ദിനാള്‍ കൂടിയാണ്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് 2020ല്‍ അദ്ദേഹത്തെ കര്ദിനാളാക്കിയത.
കര്‍ദിനാള്‍ റെയ്മണ്ട് ബര്‍ക്ക്
സെന്റ് ലൂയിസിലെ മുന്‍ ആര്‍ച്ച് ബിഷപ്പാണ് 76കാരനായ കര്‍ദിനാള്‍ റെയ്മണ്ട് ബര്‍ക്ക്. സ്വവര്‍ഗ്ഗാനുരാഗം, സിവില്‍ വിവാഹങ്ങള്‍, കൃത്രിമ ഗര്‍ഭനിരോധനം എന്നിവയെക്കുറിച്ചുള്ള സഭയുടെ പുതിയ നിലപാടിന്റെ കടുത്ത വിമര്‍ശകനാണ് അദ്ദേഹം.
ഈ വിഷയങ്ങളില്‍ അദ്ദേഹം ഫ്രാന്‍സിസ് മാര്പാപ്പയ്ക്കെതിരെയും സംസാരിച്ചിട്ടുണ്ട്. 2010ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയാണ് അദ്ദേഹത്തെ കര്‍ദിനാള്‍ ആയി നിയമിച്ചത്.
കര്‍ദിനാള്‍ വിം ഐജ്ക്
നെതര്‍ലാന്‍ഡില്‍ നിന്നുള്ള മുന്‍ ഡോക്ടര്‍കൂടിയായ കര്‍ദിനാള്‍ വിം ഐജ്ക് ഈ സ്ഥാനത്തേക്ക് യാഥാസ്ഥിതിക വിഭാഗത്തില്‍ നിന്നും മുന്‍നിരക്കാരില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. സിവില്‍ പുനര്‍വിവാഹത്തെ അംഗീകരിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ നിലപാടിന് എതിരെ ‘പതിനൊന്ന് കര്‍ദ്ദിനാള്‍മാര്‍ വിവാഹത്തെയും കുടുംബത്തെയും കുറിച്ച് സംസാരിക്കുന്നു’ എന്ന ഗ്രന്ഥം എഴുതിയവരെ അദ്ദേഹം സഹായിച്ചിരുന്നു. 2012 ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയാണ് അദ്ദേഹത്തെ കര്‍ദിനാള്‍ ആയി നിയമിച്ചത്.
കര്‍ദിനാള്‍ പീറ്റര്‍ എര്‍ഡോ
72 കാരനായ കര്‍ദിനാള്‍ പീറ്റര്‍ എര്‍ഡോ കൗണ്‍സില്‍ ് ഓഫ് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് യൂറോപ്പിന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ്. വിവാഹമോചിതരോ പുനര്‍വിവാഹം ചെയ്തവരോ ആയ കത്തോലിക്കര്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിനെ പോലും യാഥാസ്ഥിതികനായ കര്‍ദിനാള്‍ പീറ്റര്‍ എര്‍ഡോ എതിര്‍ക്കുന്നുണ്ട്.
യൂറോപ്യന്‍ രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിനെയും അദ്ദേഹം എതിര്‍ത്തിരുന്നു. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പ്പാപ്പ 2003ലാണ് കര്‍ദിനാള്‍ പീറ്റര്‍ എര്ഡോയെ കര്‍ദ്ദിനാളായി നിയമിച്ചത്.
കര്‍ദ്ദിനാള്‍ പിയെദ്രെ പരോലിന്
വത്തിക്കാനില്‍ 11 വര്‍ഷം സ്റ്റേറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന 70 കാരനായ കര്‍ദിനാള്‍ പിയെദ്രെ പരോളിന് ഒരു മിതവാദിയാണ്. രണ്ടുവിഭാഗവും തമ്മില്‍ കടുത്ത മത്സരം വന്നാല്‍ കര്‍ദിനാള്‍ പരോളിന് അടുത്ത മാര്‍പാപ്പയാകാനുള്ള സാധ്യത ഏറെയാണ്. 2014ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തെ കര്‍ദ്ദിനാളായി നിയമിച്ചത്.