”ഓട്ടോ പേ” കാരണം പണം നഷ്ടപ്പെട്ടവർ ഇനി പേടിക്കേണ്ട; ഒരൊറ്റ ക്ലിക്കിൽ നിങ്ങൾക്ക് എല്ലാം കൺട്രോൾ ചെയ്യാനാവും
ഓട്ടോ പേ’ ഒഴിവാക്കാൻ മറന്നു പോകുന്നത് കൊണ്ട് ബാങ്കിൽ നിന്നും പണി കിട്ടുന്നവരാണ് കൂടുതൽ ആളുകളും. എന്നാൽ ഇനി മുതൽ ആക്റ്റിവേറ്റ് ആയിട്ടുള്ള ‘ഓട്ടോ പേ’കളെല്ലാം ഒറ്റ ക്ലിക്കിൽ തന്നെ ഒഴിവാക്കാൻ കഴിയും. അതിനായി നാഷ്ണൽ പെയ്മന്റ് കോർപ്പറേഷൻ പുതിയ പോർട്ടൽ തുടങ്ങിയിരിക്കുകയാണ്. upihelp . npci . org . in എന്ന പോർട്ടലിലൂടെ വരിക്കാർക്ക് തങ്ങളുടെ ‘ഓട്ടോ പേ’ സബ്സ്ക്രിപ്ഷനുകൾ എളുപ്പത്തിൽ പരിശോധിക്കാനും നിയന്ത്രിക്കാനും സാധിക്കും.
ഓട്ടോപേ വഴി അനാവശ്യമായി പണം നഷ്ടപ്പെടുന്നത് തടയാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനാണ് പുതിയ സംവിധാനം കൊണ്ട് വരുന്നത്. യുപിഐ ഇടപാടുകള്‍ക്കിടയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണാന്‍ ഇത് സഹായിക്കും. ഉപയോക്താക്കള്‍ക്ക് ഇടപാടിന്റെ സ്റ്റാറ്റസ് പരിശോധിക്കാനും പരാജയപ്പെട്ടതോ അല്ലെങ്കില്‍ പെന്‍ഡിങ് ആയി കിടക്കുന്നതോ ആയ പേയ്മെന്റുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും യുപിഐ ഹെല്പ് വഴി സാധിക്കും.
ഉപയോക്താക്കള്‍ക്ക് തങ്ങളുടെ എല്ലാ ആക്റ്റീവ് ഓട്ടോപേ മാന്‍ഡേറ്റുകളും ഒരൊറ്റ സ്ഥലത്ത് കാണാന്‍ സാധിക്കും. ഏതെങ്കിലും യുപിഐ ആപ്പിലെ ‘മാനേജ് ബാങ്ക് അക്കൗണ്ട്സ്’ എന്ന ഓപ്ഷൻ വഴിയോ അല്ലെങ്കില്‍ പ്രത്യേക ഓട്ടോപേ വിഭാഗം വഴിയോ ഇത് പരിശോധിക്കാം. ഒക്ടോബര്‍ 7ന് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം, യുപിഐ നെറ്റ്വര്‍ക്ക് അംഗങ്ങള്‍ ഡിസംബര്‍ 31നകം പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കണം. നിലവിലുള്ള മാന്‍ഡേറ്റുകള്‍ അതുവരെ തുടരും.
ഒരു യുപിഐ ആപ്പില്‍ സെറ്റ് ചെയ്തിരിക്കുന്ന ഓട്ടോപേ മാന്‍ഡേറ്റ്, മറ്റൊരു ആപ്പിലേക്ക് മാറ്റാന്‍ ഉപയോക്താക്കള്‍ക്ക് അവസരമുണ്ടാകും. അതുപോലെ തന്നെ, വ്യാപാരികള്‍ക്കും പേയ്മെന്റ് പ്രൊവൈഡര്‍മാരെ മാറ്റാനുള്ള സൗകര്യവും ഇതിലുണ്ട്.
നമ്മൾ പലപ്പോഴും ഓട്ടോപേ സംവിധാനം സെറ്റ് ചെയ്യുന്നത് പിന്നീട് മറന്നുപോകാനിടയുണ്ട്. ഉദാഹരണത്തിന് ഒരു ഒടിടി സേവനം ഉപയോഗിക്കുന്നത് നിര്‍ത്തിയാലും ഓട്ടോപേ റദ്ദാക്കാത്ത കൊണ്ട് പ്രതിമാസമോ പ്രതിവര്‍ഷമോ നമ്മളറിയാതെ അക്കൗണ്ടില്‍ നിന്ന് പണം പോകാം. ഒന്നിലേറെ യുപിഐ ആപ്പുകള്‍ പലതും ഉപയോഗിക്കുന്നതിനാല്‍ ഓട്ടോപേ ഏതിലൊക്കെ സെറ്റ് ചെയ്തുവെന്ന് കണ്ടുപിടിക്കുകയും എളുപ്പമായിരിക്കില്ല. എന്നാൽ യുപിഐ ഹെല്പ് വഴി വിവിധ ആപ്പുകളില്‍ ക്രമീകരിച്ചിരിക്കുന്ന ഓട്ടോ പേ മാന്‍ഡേറ്റ് ഒരുമിച്ച് കാണാനും മാനേജ് ചെയ്യാനും കഴിയും.
പുതിയ സംവിധാനത്തില്‍ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്:
മാന്‍ഡേറ്റുകളില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ യുപിഐ പിന് നിര്‍ബന്ധമാണ്.
ഉപയോക്താക്കളെ ആപ് മാറ്റാന്‍ പ്രേരിപ്പിക്കുന്നതിനായി ക്യാഷ്ബാക്കുകളോ മറ്റ് ഓഫറുകളോ നല്കാന് പാടില്ല.
ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡിസ്പ്ലേ ആവശ്യത്തിനല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് കസ്റ്റമേഴ്സിന് കൂടുതല്‍ അധികാരവും സുരക്ഷിതത്വവും നല്‍കുന്നതാണ് എന്‍പിസിഐയുടെ ഈ പുതിയ നടപടി.
ഇതിനായി upihelp . npci.org.in എന്ന വെബ്സൈറ്റ് തുറന്ന് മൊബൈല്‍ നമ്പര്‍ നല്കി ലോഗിന്‍ ചെയ്യുക
ഹോംപേജിലെ show my autopay mandates എന്നതില്‍ ക്ലിക്ക് ചെയ്യുക
ഈ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഏതൊക്കെ യുപിഐ ആപ്പുകളില്‍ ഓട്ടോപേ ക്രമീകരിച്ചിട്ടുണ്ടോ അവയെല്ലാം തരം തിരിച്ച് ഒറ്റ വിന്‍ഡോയില്‍ കാണാം
ഓരോ ഓട്ടോപേ വഴി എത്ര തവണ ഇതിനകം പേയ്മെന്റ് നടന്നിട്ടുണ്ടെന്നും എത്രത്തോളം തുക ആകെ നിങ്ങൾ അടച്ചിട്ടുണ്ടെന്നും കാണാൻ കഴിയും. ഇതിൽ ഏതെങ്കിലും ഒരെണ്ണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കണമെങ്കില്‍ pause ഓപ്ഷന് ഉപയോഗിക്കാം. ഏതു തീയതി വരെയാണ് പേയ്മെന്റ് നിര്‍ത്തി വെക്കേണ്ടത് എന്ന ഓപ്ഷനും ഉണ്ട്.
ഇനി ഇത് പൂര്‍ണമായി കാൻസൽ ചെയ്യാൻ ആണെങ്കിൽ revoke ഓപ്ഷന് ആണ് ഉപയോഗിക്കേണ്ടത്.
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ആപ്പുകളിലും ഉപയോക്താക്കൾ അറിയാതെയുള്ള ആവർത്തിച്ചുള്ള പണമിടപാടുകൾ തടയുന്നതിന്റെ ഭാഗമായാണ് എൻപിസിഐയുടെ ഈ നിർണായക നീക്കം.












