യാചകയാത്ര സിനിമയാകുന്നു; ബ്ളെസിയോട് സംസാരിച്ചു, തന്റെ വേഷം ചെയ്യാനുള്ള നടനെക്കുറിച്ച് വെളിപ്പെടുത്തി ബോച്ചെ
സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി നടത്തിയ യാചക യാത്ര സിനിമയാക്കുമെന്ന് ബോബി ചെമ്മണ്ണൂർ.
ഇതുമായി ബന്ധപ്പെട്ട് സംവിധായകൻ ബ്ളെസിയുമായി സംസാരിച്ചുവെന്ന് ബോചെ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
‘ബ്ളെസി അനുകൂലമായ മറുപടിയാണ് നല്‍കിയത്. നമുക്ക് നോക്കാമെന്ന് പറഞ്ഞു. ഞാൻ ചിത്രത്തില്‍ അഭിനയിക്കില്ല, അനുഭവിക്കല് മാത്രമേയുള്ളൂ. എന്റെ വേഷത്തില്‍ ആര് അഭിനയിക്കണമെന്നത് മനസിലുണ്ട്. അബ്ദുള്‍ റഹീമിന്റെ കഥയാണിത്. ഞാൻ ചെയ്യാത്ത കുറ്റത്തിന് പൊലീസ് സ്റ്റേഷനില്‍ ഇരുന്നിട്ടുണ്ട്. അതിന്റെ വേദന അറിയാവുന്നതുകൊണ്ടാണ് റഹീമിന്റെ കാര്യത്തില്‍ ഇടപെടാൻ കാരണം. അതിലൂടെ രണ്ട് കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്, ഒന്ന് മലയാളികളുടെ ഐക്യവും കൂട്ടായ്മയും. നമ്മുടെ സഹോദരനെ രക്ഷിക്കാൻ മലയാളികള്‍ ഒറ്റക്കെട്ടായി നിന്നത് ലോകത്തിനുതന്നെ മാതൃകയാണ്. രണ്ടാമത്തെ കാര്യം, സിനിമയില്‍ നിന്ന് ലഭിക്കുന്ന ലാഭം ബോച്ചെ ഫാൻസ് ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ പാവപ്പെട്ടവർക്ക് സഹായമായി നല്‍കും’- വാർത്താസമ്മേളനത്തില്‍ ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി.