തരാമെന്ന് പറഞ്ഞ 10000 രൂപ എവിടെയെന്ന് ബിജെപി വനിതാ പ്രവർത്തകർ; ബിഹാറിൽ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിൽ നാണംകെട്ട് ബിജെപി
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കലാശകൊട്ട് ഇന്ന് നടക്കുകയാണ്. മറ്റന്നാളാണ് ബിഹാറിലെ അവസാനഘട്ട വോട്ടെടുപ്പ്. എന്നാൽ അവസാന റൌണ്ട് പ്രചാരണം നടക്കുമ്പോൾ, പതിനായിരം രൂപ അക്കൗണ്ടിലേയ്ക്ക് ലഭിച്ചില്ലെന്ന വനിതാ പ്രവർത്തകരുടെ തുറന്നു പറച്ചില് ബിജെപിയെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
വനിതകളുടെ അക്കൗണ്ടിലേയ്ക്ക് 10,000 രൂപ നൽകി എന്നതാണ് എന്‍ഡിഎയുടെ ഈ ഇലക്ഷനിലെ പ്രധാന പ്രചരാണായുധം. എന്നാൽ ഇന്ന് ബിജെപിയുടെ കൊട്ടികലാശത്തിനായി എത്തിയ വനിതാ പ്രവർത്തകർ തന്നെ ഈ പ്രചാരണം പൊളിക്കുകയായിരുന്നു. വാഗ്ദാനം നൽകിയ ഈ തുക കിട്ടിയില്ലെന്ന് വനിതകള്‍ തുറന്ന് പറഞ്ഞു.
ബീഹാർ സ്ത്രീകൾക്ക് നവരാത്രി സമ്മാനമായി പതിനായിരം രൂപ അക്കൗണ്ടിലേയ്ക്ക് അയക്കുമെന്നാണ് വാഗ്ദാന ഉണ്ടായിരുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ്, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആരംഭിച്ച വനിതാ തൊഴിൽ പദ്ധതിയായ മുഖ്യമന്ത്രി വനിതാ റോസ് ഗർ യോജന വഴിയാണ് ഓരോത്തരുടെയും അക്കൗണ്ടിലേയ്ക്ക് 10,000 രൂപ നൽകുന്നത്.
എന്നാൽ ചില സ്ത്രീകളെ ഇതിന്റെ യോഗ്യതയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരു സ്ത്രീയുടെ ഭർത്താവിന്റെ വരുമാനം ആദായനികുതിക്ക് വിധേയമാണെങ്കിൽ അവർക്ക് ഈ പദ്ധതിക്ക് അർഹതയുണ്ടായിരിക്കില്ല. ആദായനികുതി അടയ്ക്കുന്ന സ്ത്രീകൾക്കും അർഹതയുണ്ടായില്ല.
കൂടാതെ സ്ത്രീയോ ഭർത്താവോ സർക്കാർ ജോലിയിലാണെങ്കിൽ അവർക്ക് ഈ പദ്ധതിയിൽ നിന്ന് ആനുകൂല്യം ലഭിക്കില്ല. ഇതിനു പുറമെ സ്ത്രീയോ ഭർത്താവോ കരാർ ജോലികൾ ചെയ്യുന്നുണ്ടെങ്കിൽ അവർക്കും ഈ സ്കീമിന് അർഹതയുണ്ടായിരിക്കില്ല.
ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പതിനായിരത്തിന്റെ പദ്ധതി ഉദ്ഘാടനം ചെയ്തത്. സാമൂഹിക പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക എന്നും, സ്വയംസഹായ സംഘങ്ങളുമായി ബന്ധമുള്ള വിദഗ്ധര്‍ അവരുടെ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി പരിശീലനം നല്‍കുമെന്നും അന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
സംസ്ഥാനത്തെ 75 ലക്ഷം വനിതകൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. സ്ത്രീകളെ ആത്മനിർഭർ ആക്കുന്നതിനും, സ്വയം തൊഴിൽ ഉപജീവന മാർഗങ്ങളിലൂടെ ശാക്തീകരിക്കുന്നതിനുമാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത് .ഉദ്ഘാടന ദിവസം തന്നെ 75 ലക്ഷം പേരുടെ അക്കൗണ്ടിലേക്ക് 10,000 രൂപയുടെ ആദ്യ ഗഡു കൈമാറും എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ മിക്കവാറും ആളുകൾക്ക് ഇത് ലഭിച്ചിട്ടില്ല. അതിന്റെ പ്രതിഷേധമാണ് ഇന്ന് കണ്ടത്.
അതിനിടെ, വമ്പൻ വിജയം ആഘോഷിക്കാൻ പതിനാലാം തീയതിക്ക് ശേഷം വീണ്ടും ബിഹാറിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിപറഞ്ഞു.
ബി ജെ പി പി വോട്ട്മോഷണം ബിഹാറിൽ നടത്താതിരിക്കാൻ ജാഗ്രത വേണമെന് രാഹുൽഗാന്ധിയും ഓർമിപ്പിച്ചു. 20 ജില്ലകളിൽ 122 മണ്ഡലങ്ങളിലാണ് മറ്റന്നാൾ വോട്ടെടുപ്പ് നടക്കുന്നത്. ഇന്ന് വൈകീട്ട് ആറ് മണിക്കാണ് പ്രചാരണം സമാപിക്കുന്നത്.
ഒന്നാം ഘട്ട വോട്ടെടുപ്പിലെ മികച്ച പോളിംഗ് ശതമാനത്തിൽ ഇരു മുന്നണികളും പ്രതീക്ഷ പുലർത്തുന്നുണ്ട്. ദലിത്- ന്യൂനപക്ഷ കേന്ദ്രങ്ങളായ സീമാഞ്ചൽ ഉത്തരാഞ്ചൽ മേഖലകളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഈ മേഖലയിലെ വികസന മാതൃക എൻഡിഎ മുന്നോട്ടുവെക്കുമ്പോൾ, ന്യൂനപക്ഷ വിരുദ്ധതയും തൊഴിലില്ലായ്മയും സംസ്ഥാനത്തിന്റെ പിന്നാക്ക അവസ്ഥയും ഉയർത്തിയാണ് മഹാസഖ്യം വോട്ട് തേടുന്നത്.
ബീഹാറിന്റെ ഫലം അറിയാൻ നവംബർ പതിനാല് വരെ കാത്തിരിക്കണം. സർവ്വേകൾ എൻഡിഎ സഖ്യത്തിന്റെ വിജയം സൂചിപ്പിക്കുമ്പോൾ, ഇത്തവണ ബീഹാറിൽ ഭരണം കിട്ടുമെന്ന് തന്നെയാണ് മഹാസഖ്യത്തിന്റെയും പ്രതീക്ഷകൾ.













