ജഗൻമോഹൻ റെഡ്ഡി സ്വന്തം അമ്മാവനെ കൊലപ്പെടുത്തിയ വ്യക്തി; ആരോപണവുമായി ചന്ദ്രബാബു നായിഡുവിന്റെ മകൻ
വൈ.എസ്. വിവേകാനന്ദ റെഡ്ഡിയെ കൊലപ്പെടുത്തിയത് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയാണെന്ന് ആരോപണം. തെലുഗു ദേശം പാർട്ടി ജനറല്‍ സെക്രട്ടറിയും ചന്ദ്രബാബു നായിഡുവിന്റെ മകനുമായ നാരാ ലോകേഷ് ആണ് ആരോപണമുന്നയിച്ചത്.
”ജഗൻ മോഹൻ റെഡ്ഡി സ്വന്തം അമ്മാവനെ കൊലപ്പെടുത്തി. സ്വന്തം കുടുംബത്തിലെ കൂടുതല്‍ അംഗങ്ങളെ കൊല്ലാൻ തയാറെടുക്കുകയാണോ ജഗൻ? സ്വന്തം സംസ്ഥാനത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണോ ജഗൻ റെഡ്ഡിയുടേത് എന്നാണ് എന്റെ ചോദ്യം?”-ആന്ധ്ര പ്രദേശിലെ ശ്രീകാകുളം ജില്ലയില്‍ നടന്ന റാലിയില്‍ സംസാരിക്കവെ നാരാ ലോകേഷ് ചോദിച്ചു. ആന്ധ്രപ്രദേശ് ഭരിക്കുന്ന ജഗൻ റെഡ്ഡി നിയമവിരുദ്ധമായാണ് തന്റെ പിതാവിനെ 53 ദിവസം തടവിലിട്ടതെന്നും നാരാ ലോകേഷ് ആരോപിച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി കേസുകളാണ് ടി.ഡി.പി പ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്തത്. കൊലപാതകവും കൊള്ളയുമടക്കം എനിക്കെതിരെ 22 കേസുകളുണ്ട്. ടി.ഡി.പി നേതാക്കളെ വൈ.എസ്.ആർ.സി.പി നേതാക്കള്‍ മനപ്പൂർവം കള്ളക്കേസുകളില്‍ കുടുക്കുകയാണെന്നും നാരോ ലോകേഷ് ആരോപിച്ചു. ജഗനെ ജയിലിലടക്കാൻ ജനങ്ങള്‍ തയാറാണോ എന്നും അദ്ദേഹം ചോദിച്ചു.