കേരളത്തില്‍ എൻഡിഎ രണ്ട് സീറ്റുകള്‍ നേടും; ഞെട്ടിക്കുന്ന സര്‍വേ ഫലം പുറത്ത്
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി ന്യൂസ് 18 പുറത്തുവിട്ട മെഗാ ഒപീനിയൻ പോള്‍ സർവേയില്‍ കേരളത്തില്‍ ഞെട്ടിക്കുന്ന ഫലം. ഏറെനാളത്തെ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിന്റെ അഭിലാഷങ്ങള്‍ പൂവണിയുമെന്നും ഇവിടെ രണ്ട് സീറ്റുകള്‍ അവർ സ്വന്തമാകുമെന്നുമാണ് സർവേ ഫലത്തില്‍ പറയുന്നത്.
കേരളത്തിലെ ആകെയുള്ള 20 സീറ്റുകളില്‍ 14 ഇടത്ത് യുഡിഎഫ് വിജയിക്കുമെന്നാണ് സർവേയില്‍ പറയുന്നത്. നാലിടത്താണ് എല്‍ഡിഎഫിന് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. എന്നാല്‍ ആദ്യമായി ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നാണ് ഈ സർവേ ഫലം പറയുന്നത്. രണ്ട് സീറ്റുകളാണ് ബിജെപി നേതൃത്വം നല്കുന്ന എൻഡിഎ മുന്നണി നേടുമെന്ന് സർവേയില്‍ പറയുന്നത്.
കേരളത്തില്‍ ഇക്കുറി ശക്തമായ പ്രചാരണമാണ് ബിജെപി നടത്തി കൊണ്ടിരിക്കുന്നത്. രണ്ട് കേന്ദ്ര മന്ത്രിമാർ ഉള്‍പ്പെടെ മത്സര രംഗത്തുണ്ട് താനും. രാജീവ് ചന്ദ്രശേഖറും, വി മുരളീധരനും മത്സരിക്കുന്നു. തൃശൂരില്‍ സുരേഷ് ഗോപിയും ജയപ്രതീക്ഷയിലാണ്. മണ്ഡലത്തില്‍ ശക്തമായ പ്രവർത്തനമാണ് ബിജെപി നടത്തുന്നത്.
തൃശൂരില്‍ സുരേഷ് ഗോപിക്കെതിരെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐ നേതാവ് വിഎസ് സുനില്‍കുമാറും, യുഡിഎഫിന് വേണ്ടി കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവ് കെ മുരളീധരനുമാണ് രംഗത്തുള്ളത്. സ്ഥാനാർത്ഥി പ്രഖ്യാപനം നേരത്തെ നടത്തിയ ബിജെപി പ്രചാരണത്തില്‍ ഒരുപടി മുന്നില്‍ എത്താനുള്ള ശ്രമങ്ങള്‍ തുടക്കത്തിലേ ആരംഭിച്ചിരുന്നു.
എന്നാല്‍ കെ മുരളീധരന്റെ വരവോടെ മണ്ഡലത്തിലെ പോരാട്ടം കൂടുതല്‍ തീവ്രമാകുമെന്ന് ഉറപ്പായി കഴിഞ്ഞു. തൃശൂരിന് പുറമെ ബിജെപി ജയപ്രതീക്ഷ വച്ച് പുലർത്തുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ആറ്റിങ്ങല്‍. വി മുരളീധരനാണ് ഇവിടെ രംഗത്തിറങ്ങുന്നത്. കൂടാതെ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനും ബിജെപി ജയസാധ്യത കല്‍പ്പിക്കുന്നുണ്ട്.