ബാല്ക്കണിയിലോ ടെറസിലോ നില്ക്കരുത്; സൗദിയില് ഇന്ത്യക്കാര്ക്ക് മുന്നറിയിപ്പുമായി ഇന്ത്യന് എംബസി
സൗദി അറേബ്യയില് ഹൂതി വിമതരുടെ ആക്രമണങ്ങളില് സുരക്ഷാ ആശങ്കകള് വര്ധിച്ച സാഹചര്യത്തില് ഇന്ത്യന് പൗരന്മാര്ക്ക് മുന്നറിയിപ്പുമായി ഇന്ത്യന് എംബസി. സൗദി അധികൃതര് നല്കിയിട്ടുള്ള പുതുക്കിയ സുരക്ഷാ നിര്ദേശങ്ങള് പാലിക്കണമെന്ന് റിയാദിലെ ഇന്ത്യന് എംബസി ആവശ്യപ്പെട്ടു.
സൂരക്ഷാ ഭീഷണി നിലനില്ക്കുന്ന സാഹചര്യത്തില് വീടുകളില് നിന്നോ കെട്ടിടങ്ങളില് നിന്നോ പുറത്തിറങ്ങരുതെന്നും, തുറസ്സായ സ്ഥലങ്ങള്, ജനലുകള്, ഗ്ലാസ് എന്നിവയ്ക്ക് സമീപം നില്ക്കരുതെന്നും, ബാല്ക്കണികളിലോ കെട്ടിടങ്ങളുടെ ടെറസിലോ നില്ക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര് നിര്ദേശിച്ചു.
നിലവിലെ സാഹചര്യത്തില് ഇന്ത്യന് സമൂഹം യാതൊരു കാരണവശാലും പരിഭ്രാന്തരാകേണ്ടതില്ല. ഭീതി ഒഴിയുന്നത് വരെ സുരക്ഷിതമായ ഒരിടത്തേക്ക്പ്രത്യേകിച്ച് ജനലുകളില് നിന്ന് അകലെയുള്ള മുറികളില് കഴിയണം. ഔദ്യോഗിക വിവരങ്ങളും നിര്ദേശങ്ങളും മാത്രം പിന്തുടരണമെന്നും ഇന്ത്യന് എംബസി പറഞ്ഞു.
ജനക്കൂട്ടമുള്ള സ്ഥലങ്ങളും അപകടസാധ്യതയുള്ള മേഖലകളും ഒഴിവാക്കണമെന്നും, ഫോട്ടോകള് എടുക്കുന്നതില് നിന്ന് വിട്ടുനില്ക്കണമെന്നും നിര്ദേശമുണ്ട്. വാഹനമോടിക്കുമ്പോള് മുന്നറിയിപ്പ് ലഭിക്കുകയാണെങ്കില്, പാലങ്ങളില് നിന്നും ഉയരമുള്ള കെട്ടിടങ്ങളില് നിന്നും അകലെയായി, റോഡിന്റെ വശത്തേക്ക് വാഹനം മാറ്റി നിര്ത്താന് നിര്ദേശമുണ്ട്.












