ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഉജ്ജ്വല വിജയം; ഇംഗ്ലണ്ടിൻറെ ബാസ്ബോളിനെ തകർത്ത മുഹമ്മദ് സിറാജിൻറെ പേസ് ബൗളിംഗ്

ക്രിക്കറ്റിന്റെ ആദ്യകാലത്ത് ടെസ്റ്റ് മത്സരങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീട് 60 ഓവറുകൾ വീതമുള്ള ഏകദിന മത്സരങ്ങൾ വന്നു. അത് 50 ഓവറായി ചുരുക്കി. അതിനുമേറെക്കാലം കഴിഞ്ഞ്, 20 ഓവറുകൾ വീതമുള്ള ഇൻസ്റ്റന്റ് രൂപത്തിലുള്ള ടി 20 വന്നു. അതോടെ കാണികൾ കൂടുതലും ടി 20 ക്ക് വേണ്ടി കാത്തിരുന്നു. ആ ഫോർമാറ്റ് വിജയിച്ചതിന്റെ ബാക്കി പത്രമാണ് ഇന്ത്യയിലെ ഐപിഎലും, നമ്മുടെ ക്രിക്കറ്റ് ബോർഡിന്റെ പണക്കൊഴുപ്പും.
ടെസ്റ്റ് മത്സരങ്ങൾ കാണാൻ ആളില്ലാതെ വരുമോ എന്നൊരു കാലവും ഉണ്ടായിരുന്നു. തീർത്തും വിരസമായ ഫ്ലാറ്റ് പിച്ചുകളിൽ ഓരോ ടീമും 500 ഉം നാനൂറും റൺസ് നേടി ബാറ്ററിങ് പ്രാക്ടീസ് നടത്തുന്നത് പോലെയായിരുന്നു കുറച്ച് കാലം ടെസ്റ്റ് മത്സരങ്ങൾ നടന്നിരുന്നത്. വിജയിക്കാൻ വേണ്ടി ടെസ്റ്റ് കളിക്കുക എന്നൊരു ചിന്തയിലേക്ക് ആദ്യം എത്തിയത് ആസ്ട്രേലിയ തന്നെ ആയിരുന്നു. അവരുടെ ക്യാപ്റ്റൻ ആയിരുന്ന അലൻ ബോർഡർ പലപ്പോളും ഞെട്ടിപ്പിക്കുന്ന ഡിക്ലറേഷൻ നടത്തിയിരുന്നു. പൊരുതി ജയിക്കുക, അല്ലെങ്കിൽ തോൽക്കുക എന്നൊരു സമീപനം ഉണ്ടായതും അക്കാലത്താണ്.
1986 ലെ ആദ്യ ടെസ്റ്റിൽ ഏഴു വിക്കറ്റിന് 574 എന്ന സ്കോറിൽ ആസ്ട്രേലിയ ഡിക്ലയർ ചെയ്യുന്നു. ഇന്ത്യ 397 റൺസിന് പുറത്താകുന്നു. രണ്ടാം ഇന്നിങ്സിൽ 170 റൺസ് നേടി അലൻ ബോർഡർ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുന്നു. ഇൻഡ്യാക്ക് ജയിക്കാൻ വേണ്ടത് 348 റൺസ്. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ കപിൽ ദേവും, ഫിഫ്റ്റികൾ നേടിയ അസറുദ്ദീനും ശ്രീകാന്തും രവി ശാസ്ത്രിയും ഉള്ളപ്പോൾ ഈ സ്കോർ ഇന്ത്യ മറികടക്കുമെന്ന് ആസ്ട്രേലിയൻ ടീമിലെ പലർക്കും തോന്നിക്കാണും.
എന്നാൽ ചേസിങ്ങിന് ഇറങ്ങിയ ഇന്ത്യ ലക്ഷം നേടുമെന്ന് തോന്നിയെങ്കിലും, അവസാനം മനീന്ദർ സിംഗിനെ ഗ്രെഗ് മാത്യൂസ് ഔട്ട് ആക്കുമ്പോൾ ഇന്ത്യൻ സ്കോർ 347 ആയിരുന്നു. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും നല്ല മത്സരത്തിനാണ് അന്ന് ചെന്നൈ സാക്ഷ്യം വഹിച്ചത്. അതിന് കാരണക്കാരൻ ഡിക്ലറേഷൻ നടത്തിയ ആസ്ട്രേലിയൻ ക്യാപ്റ്റൻ അലൻ ബോർഡറും.
ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ഒരു അഭിമുഖത്തിൽ പറഞ്ഞത് താൻ ഏറ്റവും ആവേശത്തോടെ ഒരു മിനിറ്റ് പോലും മിസ് ചെയ്യാതെ കാണുന്നത് ആഷസ് സീരീസ് ആണെന്നാണ്. ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരക്ക് ലോകത്തിൽ ആരാധകർ ഏറെയാണ്.
അത്തരത്തില് ആവേശകരമായ ഒരു ടെസ്റ്റ് പരമ്പരയാണ് ഇന്നലെ അവസാനിച്ചത്. പരാജയം ഉറപ്പിച്ച ഇടത്ത് നിന്നും പൊരുതിക്കയറിയ, ഇംഗ്ളണ്ടിനെ എറിഞ്ഞ് വീഴ്ത്തിയ ഇന്ത്യൻ ജയം ടെസ്റ്റ് ക്രിക്കറ്റിന് പകരുന്ന ഊർജ്ജം ചെറുതാവില്ല.
മുഹമ്മദ് സിറാജ് ഹാരി ബ്രൂക്കിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയ സങ്കടത്തിൽ നിൽക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു. പിന്നീട സിറാജ് തന്നെ ആറ്റ്ക്കിൻസന്റെ വിക്കെറ്റ് എടുത്ത് വിജയം പൂർത്തിയാക്കി ആഘോഷിക്കുന്ന ചിത്രവും നമ്മൾ കണ്ടിരുന്നു. ബുംറ ഇല്ലാത്തതിന്റെ കുറവ് നികത്തുമെന്ന് ഇന്ത്യ പ്രതീക്ഷിച്ച ആൾ തന്നെ രക്ഷകനായെത്തി. ഈ പരമ്പരയിലെ ലീഡിങ് വിക്കെറ്റ് ടേക്കർ കൂടിയായി സിറാജ് മാറി.
ഒമ്പത് വിക്കറ്റ് എടുത്താൽ മത്സരം ജയിക്കാമെന്നാണ് ഇന്ത്യ കരുതിയത്. എന്നാൽ പരുക്കേറ്റ വോക്സ് ബാറ്റ് ചെയ്യാനെത്തി. ഗ്രൗണ്ടിലേക്ക് ബാറ്റുമായി വോക്സ് ഇറങ്ങിയതോടെ ഇന്ത്യൻ ആരാധകർ വരെ കയ്യടിച്ച് സ്വീകരിച്ചിരുന്നു. ഈ മത്സരത്തിലെ മനോഹരമായ ഒരു കാഴ്ചയായിരുന്നു അതും. ഇന്നലെ രാവിലെ ആദ്യ ഓവറിൽ എട്ട് റൺസ് വഴങ്ങി, എതിർ ടീമിന് ജയിക്കാൻ 27 റൺസ് മതി എന്ന നിലയിൽ പോയിരുന്ന മത്സരത്തിൽ ഇന്ത്യ വിജയം നേടി, പരമ്പര ഒപ്പത്തിനൊപ്പം ആക്കുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിന്റെ വന്യമായ സൗന്ദര്യം ആണ് വെളിപ്പെടുന്നത്.
ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ എക്കാലവും ഓർമിപ്പിക്കപ്പെടുന്ന ഒരു വിജയത്തിലേക്ക് ആണ് ഇന്നലെ ശുഭമാൻ ഗില്ലും സംഘവും നടന്ന് കയറിയത്.