സിക്സടിച്ച് കളി ജയിപ്പിച്ച്, തിരിഞ്ഞ് നടന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ; ഇന്ത്യൻ ഡ്രസ്സിങ് റൂമിൻറെ വാതിലും അടച്ചതോടെ ഇളിഭ്യരായി പാകിസ്ഥാൻ

ഏഷ്യാ കപ്പിലെ നിർണ്ണായകമായ ഇന്ത്യ-പാകിസ്ഥാന് മത്സരത്തില്‍ ഇന്ത്യക്ക് അനായാസ വിജയം. അഭിമാന പോരാട്ടത്തില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 25 പന്തും ഏഴ് വിക്കറ്റും ബാക്കി നിൽക്കെ ഇന്ത്യ അടിച്ചെടുത്തു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 37 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ശിവം ദുബെ ഏഴ് പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു.
പാക് താരങ്ങളുമായി ഷേക്ക് ഹാൻഡ് കൊടുക്കാനോ, സൗഹൃദം പങ്കിടാനോ മുതിരാതെ അകലം പാലിച്ച് നിൽക്കുകയായിരുന്നു ഇന്ത്യൻ താരങ്ങള്‍. ടോസിനുശേഷം പതിവുള്ള ഷേക്ക് ഹാൻഡ് ഒഴിവാക്കിയ ഇരു ക്യാപ്റ്റന്മാരും മത്സരം പൂര്‍ത്തിയാക്കിയശേഷവും അകൽച്ച പാലിച്ചു.
വിജയിക്കാനായി ഒരു സിക്സർ അടിച്ച ശേഷം, കൂടെയുള്ള ശിവം ദുബെക്ക് കൈ കൊടുത്ത സൂര്യകുമാർ നേരെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി. പാക് താരങ്ങളുടെ മുഖത്ത് പോലും നോക്കാതെയാണ് സൂര്യയും ശിവം ദുബൈയും മടങ്ങിയത്.
സാധാരണ മത്സരം കഴിഞ്ഞാൽ താരങ്ങൾ ഡ്രസ്സിങ് റൂമിൽ നിന്നും ഇറങ്ങി വന്ന് എതിരാളികൾക്ക് ഹസ്തദാനം ചെയ്യുന്ന പതിവുണ്ട്. അങ്ങനെ ഇന്ത്യൻ താരങ്ങള്‍ ഇറങ്ങിവരുമെന്ന് പ്രതീക്ഷിച്ച് പാകിസ്ഥാൻ കളിക്കാർ അല്പനേരം ഗ്രൗണ്ടില്‍ നിന്ന് ഇന്ത്യൻ ഡ്രസ്സിംഗ് റൂമിനുനേരെ നോക്കിയെങ്കിലും ഡ്രസ്സിംഗ് റൂമിന്റെ പുറത്തേക്കുള്ള ജനാലകള്‍ അടക്കുന്ന കാഴ്ച കണ്ടതോടെ അവർക്ക് കാര്യം മനസിലായി. അവര്‍ നേരെ തിരിച്ചു നടക്കുകയും ചെയ്തു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും അതിര്‍ത്തി സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന് ആവശ്യം ശക്തമായ പശ്ചാത്തലത്തിലായിരുന്നു ഇന്ന് മത്സരം നടന്നത്. ഇന്ത്യ-പാകിസ്ഥാന് മത്സരത്തിന് പതിവായി എത്താറുള്ള സെലിബ്രിറ്റികളോ ബിസിസിഐ ഉന്നതരോ ഒന്നും ഇന്നലെ സ്റ്റേഡിയത്തിൽ എത്തിയിരുന്നില്ല.
നേരത്തെ ടോസിനു ശേഷവും പാക് ക്യാപ്റ്റന്‍ സല്മാന് അലി ആഘയെ കണ്ടഭാവം നടിക്കാതെയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് നിന്നത്. ടോസിനായി ഗ്രൗണ്ടിന് നടുവില്‍ വന്നു നിന്നപ്പോള്‍ സൂര്യകുമാര്‍ യാദവ് പാക് ക്യാപ്റ്റനെ സൗഹൃദത്തോടെ ഒന്നു നോക്കാന്‍ പോലും തയാറായില്ല.
ടോസിട്ടശേഷം കൈ കെട്ടി നിന്ന സൂര്യകുമാറിന്റെ നിലപാട് പാക് ക്യാപ്റ്റനും മനസ്സിലായി.
മത്സരശേഷം പാകിസ്താനെതിരെയുള്ള ഈ വിജയം സൈനികർക്ക് സമർപ്പിക്കുന്നു എന്നാണ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പറഞ്ഞത്. വിജയം സൈനികർക്ക് സമർപ്പിക്കുകയാണെന്നും പഹൽഗാം ഭീകരാക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിനൊപ്പമാണെന്നും സൂര്യ പറഞ്ഞു.
‘പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്കൊപ്പമാണു ഞങ്ങൾ. ഈ വിജയം ഇന്ത്യൻ സൈന്യത്തിന് സമർപ്പിക്കുന്നു. അവർ ഒരുപാട് ധൈര്യം കാണിച്ചു. ഞങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരുമെന്ന് കരുതുന്നു. ഞങ്ങൾ ഗ്രൗണ്ടിൽ കഠിന പ്രയത്നം ചെയ്ത് അവരെ സന്തോഷിപ്പിക്കാൻ ശ്രമിക്കും, എന്നാണ് ‘ സൂര്യകുമാർ പറഞ്ഞത്.
ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ഉണ്ടായ സാഹചര്യത്തിൽ മത്സരം നടക്കുമോ എന്ന സംശയവും ഉണ്ടായിരുന്നു. എന്നാൽ പാകിസ്താനുമായി കളിക്കാതിരുന്നാൽ, വിവിധ ടീമുകൾ പങ്കെടുക്കുന്ന ഒരു ടൂർണമെൻ്റിൽ ഒരു ടീം പങ്കെടുത്തില്ലെങ്കിൽ, ആ ബോർഡിനെതിരെ ഐസിസി നടപടിയെടുക്കാൻ സാധ്യതയുണ്ട്. അത് വളർന്നുവരുന്ന താരങ്ങൾക്കും അവരുടെ കരിയറിനും തിരിച്ചടിയാവും എന്നും ബിസിസിഐ പറഞ്ഞിരുന്നു.
മത്സരത്തിന് മുമ്പേ പതിവ് പോലെപാകിസ്ഥാൻ വീരവാദങ്ങൾ മുഴക്കിയിരുന്നു. ജസ്പ്രീത് ബുമ്രയെ ഒരോവറിൽ ആറ് സിക്സ് അടിക്കാൻ പോകുന്ന കളിക്കാരനാണ് സയിം അയൂബ് എന്നാണ് മുൻതാരം തൻവീർ അഹ്മദ് പറഞ്ഞത്. എന്നാൽ നേരിട്ട ആദ്യത്തെ പന്തിൽ തന്നെ സംപൂജ്യനായി അയൂബ് മടങ്ങിയതോടെ ആ വാദവും അവസാനിച്ചു.
വളരെ ആധികാരികമായിട്ടാണ് ഇന്ത്യ വിജയം നേടിയതെങ്കിലും, പാകിസ്ഥാൻ, ബംഗ്ലാദേശ് ഫാൻസുകാർ പതിവ് പോലെ കോഴ ആരോപണവുമായി ഇറങ്ങിയിട്ടുണ്ട്. അമ്പയറിന്റെ ബിസിസിഐ പണം കൊടുത്ത് സ്വാധീനിച്ചു എന്നൊക്കെയുള്ള പതിവ് കരച്ചിലാണ് ഇത്തവണയും.
ഈ പാക്, ബംഗ്ലാ ഫാന്‍സുകാര്‍ക്കെതിരെ ഇന്ത്യക്കായി രംഗത്ത് വരുന്നത് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ഫാൻസാണ്. കൊടുംക്രൂരമായ ചില പോസ്റ്റുകളാണ് അഫ്ഗാൻ ഫാൻസ് പാകിസ്താനെതിരെ ഇറക്കി വിടുന്നത്. അഫ്ഗാൻ ഫാൻസിന്റെ ട്രോൾ പേജുകളിലും മെമെ പേജുകളിലും പാകിസ്ഥാനെ പരിഹസിച്ച് കൊണ്ട് നൂറുകണക്കിന് കമന്റുകളും വരുന്നുണ്ട്.