കോമൺവെൽത്ത് ഗെയിംസ്: ഉത്തേജകമരുന്ന് ഉപയോഗിച്ച രണ്ട് പേർക്ക് വിലക്ക്
കോമൺവെൽത്ത് ഗെയിംസിനൊരുങ്ങുന്ന ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ട രണ്ടു താരങ്ങൾക്ക് വിലക്ക്. രക്തത്തിൽ ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനാൽ ട്രിപിൾ ജമ്പിൽ ദേശീയ റെക്കോഡുകാരിയായ ഐശ്വര്യ ബാബു, സ്പ്രിന്റർ എസ് ധനലക്ഷ്മി എന്നിവരെയാണ് ഗെയിംസിൽ നിന്ന് വിലക്കിയത്. കോമൺവെൽത്ത് ഗെയിംസ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയുള്ള ഈ തീരുമാനം ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്.
കഴിഞ്ഞ മാസം ചെന്നൈയിൽ വെച്ച് നടന്ന നാഷണൽ ഇന്റർ സ്റ്റേറ്റ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനിടെ നാഷണൽ ആൻ്റി ഡോപ്പിംഗ് ഏജൻസി ശേഖരിച്ച ഐശ്വര്യ ബാബുവിന്റെ സാമ്പിളാണ് പോസിറ്റീവായിരിക്കുന്നത്. അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റാണ് ധനലക്ഷ്മിയുടെ ടെസ്റ്റ് നടത്തിയത്.
നാഷണൽ ഇന്റർ സ്റ്റേറ്റ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനിടെയാണ് 25-കാരിയായ ഐശ്വര്യ 14.14 മീറ്റര്‍ ചാടി മലയാളി താരമായ മയൂഖ ജോണി 2011-ല്‍ സ്ഥാപിച്ച ദേശീയ റെക്കോഡ് തിരുത്തിയത്. ട്രിപ്പിൾ ജമ്പിലും ലോങ് ജമ്പിലുമാണ് 24കാരിയായ ഐശ്വര്യ മത്സരിക്കാനിരുന്നത്. ധനലക്ഷ്മി ദ്യുതി ചന്ദ്, ഹിമ ദാസ്, ശ്രബനി നന്ദ എന്നിവർക്കൊപ്പം 4×100 മീറ്റർ റിലേയിലും 100 മീറ്റർ ഓട്ടത്തിലുമാണ് മത്സരിക്കേണ്ടിയിരുന്നത്.
കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂലായ് 28 മുതല്‍ ഓഗസ്റ്റ് എട്ടുവരെ ബര്‍മിങ്ങാമിലാണ് നടക്കുന്നത്. ഇന്ത്യന്‍ സംഘത്തിൽ 215 അത്ലറ്റുകളും 107 ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 322 പേരാണ് ഉള്ളത്. ഇതിലെ 36 അംഗ അത്ലറ്റിക്സ് സംഘത്തിന്റെ ഭാഗമായിരുന്നു ഐശ്വര്യ ബാബുവും ധനലക്ഷ്മിയും. പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യൻ സംഘവുമായി സംവദിച്ചിരുന്നു. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് മോദി താരങ്ങളെ പ്രോത്സാഹിപ്പിച്ചത്. ലോകത്തെ ആധിപത്യം സ്ഥാപിക്കാനുള്ള സുവർണാവസരമാണ് കോമൺവെൽത്ത് ഗെയിംസ്. ശ്രദ്ധ പരിശീലനത്തിലും പ്രകടനത്തിലും മാത്രം കേന്ദ്രീകരിക്കുമെന്നും മറ്റൊന്നിനെക്കുറിച്ചും വിഷമിക്കേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Content Highlights – Commonwealth games, Narendra Modi, Birmingham