47 പന്തിൽ 8 സിക്സ്, 6 ഫോർ 94 റൺസ്; കത്തിക്കയറി രോഹൻ കുന്നുമ്മൽ
കേരള ക്രിക്കറ്റ് ലീഗ് സീസൺ 3ൽ തുടർച്ചയായ രണ്ടാം അർധ സെഞ്ച്വറിയുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ. രോഹൻ്റെ തകർപ്പൻ ഇന്നിങ്സാണ് ആലപ്പി റിപ്പിൾസിനെതിരെ കാലിക്കറ്റിന് അനായാസ വിജയം ഒരുക്കിയത്.
47 പന്തിൽ 8 സിക്സറുകളുടെയും 6 ബൗണ്ടറികളുടെയും അകമ്പടിയോടെയാണ് രോഹൻ 94 റൺസ് നേടിയത്. തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ ഘട്ടത്തിലാണ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ ഉത്തരവാദിത്വം ഏറ്റെടുത്തത്. തുടർന്ന് കളത്തിൽ കണ്ടത് രോഹന്റെ വെടിക്കെട്ട് പ്രകടനമായിരുന്നു.
വെടിക്കെട്ട് അടിയിലൂടെ 94 റൺസിലെത്തിയ രോഹൻ, അഭിജിത്ത് പ്രവീൺ എറിഞ്ഞ പന്ത് ലോങ് ഓഫിന് മുകളിലൂടെ സിക്സറടിച്ച് ടീമിനെ വിജയത്തിലേക്ക് നയിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സച്ചിൻ ബേബിയുടെ കൈയിൽ ക്യാച്ച് നൽകി പുറത്തായത്. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ച്വറിയുമായി രോഹൻ ഫോമിലേക്ക് എത്തിയത് കാലിക്കറ്റിൻ്റെ കിരീട പ്രതീക്ഷകൾക്ക് കരുത്തേകുകയാണ്.












