ഇന്ത്യക്ക് തിരിച്ചടി; ബുംറക്ക് പരിക്ക്; നയിക്കുന്നത് കോഹ്ലി
ഓസിസിനെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ നായകന് ജസ്പ്രീത് ബുംറ മൈതാനം വിട്ടു. പകരം കോഹ്ലിയാണ് ഇന്ത്യയെ നയിക്കുന്നത്. പരമ്പരയില്‍ ഇതിനകം 32 വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറ, ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെഷനില്‍ ഓരോവര്‍ എറിയുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഗ്രൗണ്ട് വിടുകയായിരുന്നു. രാവിലെ മര്‍നസ് ലാബുഷെയ്നിന്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. പത്ത് ഓവര്‍ എറിഞ്ഞ ബുംറ 33 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടുകയും ചെയ്തു.
ഇന്ത്യയ്ക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഓസ്ട്രേലിയ് ഒന്നാം ഇന്നിങ്സില്‍ 181 റണ്‍സിന് ഓള് ഔട്ടായി. ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് നാല് റണ്‍സ് ലീഡ് ഉണ്ട്. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മൂന്നു വീക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുംറയും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റുകളും നേടി.
അരങ്ങേറ്റ മത്സരം കളിക്കുന്ന ബ്യൂ വെബ്സ്റ്ററിന്റെ പ്രകടനമാണ് ഓസ്ട്രേലിയയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 57 റണ്‍സെടുത്താണ് വെബ്സ്റ്ററിന്റെ കുതിപ്പ് അവസാനിച്ചത്. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് നേടിയിട്ടുണ്ട്. ആകെ 101 റൺസിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്.