പഴയ ഫൈനലുകളുടെ കണക്ക് തീർക്കാൻ ഇന്ത്യ ഇറങ്ങുന്നു; ജയിച്ചാൽ കപ്പ് സമ്മാനിക്കുന്നത് പാകിസ്ഥാൻ ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്വി??

ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ പാകിസ്ഥാൻ ഫൈനൽ ആരംഭിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമേയുള്ളൂ. എക്കാലത്തെയും ചിരവൈരികൾ നേർക്കുനേർ വരുമ്പോൾ പോരാട്ടം ആവേശകരമാകും എന്നുറപ്പാണ്.
ഒരൊറ്റ മത്സരവും തോൽക്കാതെയാണ് ഇന്ത്യ ഇന്ന് ഫൈനലിന് ഇറങ്ങുന്നത്. ഇന്ത്യയോട് കളിച്ച രണ്ടു മത്സരങ്ങളും തോറ്റ ക്ഷീണത്തിലാണ് പാകിസ്താന്റെ വരവ്. നിറങ്ങുന്നത്. കളിക്കളത്തിനകത്തും പുറത്തും സമ്മർദമുള്ളതിനാൽ ഇരുടീമുകളും എല്ലാം മറന്ന് പോരാടുമെന്നത് ഉറപ്പാണ്.
ഒട്ടേറെ വിവാദങ്ങൾക്കിടെയാണ് ഇന്ത്യയും പാകിസ്താനും ഫൈനൽ കളിക്കാനിറങ്ങുന്നത്. ഹസ്തദാന വിവാദമാണ് ആദ്യമുണ്ടായത്. ഇന്നും ഇരുടീമുകളും ഹസ്തദാനം ഒഴിവാക്കാനാണ് സാധ്യത. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരശേഷം പാക് താരങ്ങള്‍ ഹസ്തദാനത്തിനായി കാത്തിരുന്നെങ്കിലും സൂര്യകുമാര്‍ യാദവും ശിവം ദുബെയും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിപ്പോയിരുന്നു. കൂടാതെ ഡ്രസ്സിങ് റൂമിന്റെ വാതിലടക്കുകയും ചെയ്തു. അതോടെ പാക് താരങ്ങള്‍ മടങ്ങുകയായിരുന്നു.
ഇന്ത്യക്കെതിരായ മത്സരത്തിനിടെ ബാറ്റുയർത്തി വെടിവെക്കുന്ന ആംഗ്യം കാണിച്ച പാക് താരം സാഹിബ്സദ ഫർഹാനും വിമാനം വീഴുന്ന ആംഗ്യം കാണിച്ച ഹാരീസ് റൗഫും പ്രകോപനം നടത്തിയിരുന്നു. ഐസിസി താരങ്ങൾക്കെതിരേ പിഴയുൾപ്പെടെയുള്ള നടപടികളും സ്വീകരിച്ചിരുന്നു. പഹൽഗാം പരാമർശത്തിന്റെ പേരിൽ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനും പിഴശിക്ഷ ലഭിച്ചു.
ഇപ്പോൾ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാക് ക്രിക്കറ്റ് ബോർഡ് മേധാവിയുമായ മൊഹ്സിൻ നഖ്വി ദുബായിൽ എത്തിയിട്ടുണ്ട്. വിജയികൾക്ക് ട്രോഫി നൽകുന്നതും നഖ്വി ആയിരിക്കും. ഇന്ത്യ കിരീടം നേടുകയാണെങ്കിൽ പിസിബി മേധാവിയിൽ നിന്ന് അത് സ്വീകരിക്കുമോ എന്നതിൽ വ്യക്തതയില്ല. ഇതുസംബന്ധിച്ച് ബിസിസിഐ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം.
എന്നാൽ ഇന്ത്യ കടുത്ത നിലപാട് തുടർന്നാൽ കാര്യങ്ങൾ വഷളാകാനുള്ള സാധ്യതയുമുണ്ട്. മാത്രമല്ല, ഫൈനലിന് മുൻപ് ഇരു ക്യാപ്റ്റൻമാരും കിരീടത്തിനൊപ്പം നിൽക്കുന്ന ഫോട്ടോഷൂട്ട് ഇത്തവണ ഒഴിവാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
മറ്റൊരു കാര്യം പാകിസ്താന് അവരുടെ സൂപ്പര്‍താരം ബാബര്‍ അസമിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നു എന്നതാണ്. എന്നാല്‍, ഏഷ്യ കപ്പ് അധികൃതര്‍ പാകിസ്താന്റെ ആവശ്യം തള്ളിക്കളഞ്ഞു. മുതിര്‍ന്ന താരങ്ങളായ ബാബര്‍ അസമിനെയും മുഹമ്മദ് റിസ്വാനെയും ഒഴിവാക്കിയാണ് പാക് ടീം ഏഷ്യ കപ്പ് കളിക്കാനെത്തിയത്.
ഇന്ത്യക്കെതിരായ സമീപകാലത്തെ രണ്ട് തോൽവികൾക്ക് ശേഷം ബാബർ അസമിനെ ടീമിൽ തിരികെ ഉൾപ്പെടുത്തണമെന്ന് പിസിബി ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ദിവസങ്ങൾക്ക് മുൻപ്, ബാബർ അസമിനെ ഏഷ്യ കപ്പിനായി യുഎഇയിലേക്ക് അയക്കാൻ പോലും തീരുമാനിച്ചിരുന്നു. എന്നാൽ, ഏതെങ്കിലും കളിക്കാരന് പരിക്കേറ്റാലല്ലാതെ ടീമിൽ മാറ്റങ്ങൾ വരുത്താൻ പറ്റില്ലെന്ന് സംഘാടകർ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചതായും റിപ്പോർട്ടിലുണ്ട്. ഒരു പാകിസ്താന് മാധ്യമമാണ് ഇക്കാര്യം പുറത്ത് വിട്ടത്.
പാകിസ്താൻ ടീമിൽ ഒരു മുതിർന്ന ബാറ്ററുടെ അഭാവം അനുഭവപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഏഷ്യ കപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നായകൻ സൽമാൻ ആഗയെ സംബന്ധിച്ചും നിർണായക തീരുമാനമെടുത്തേക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ ബാബർ അസം പാക് ടീമിൽ തിരിച്ചെത്താനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇപ്പോൾ യുഎ ഇ യിൽ വീണ്ടും ഒരു ഇന്ത്യ പാകിസ്ഥാൻ ഫൈനൽ വരുമ്പോൾ അത്ര സുഖകരമല്ലാത്ത ഓർമ്മകളാണ് ഇന്ത്യക്കുള്ളത്. 1986 ലെ ഓസ്ട്രല്‍ ഏഷ്യ കപ്പിൻറെ ഫൈനല്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ആവേശം നിറഞ്ഞ ഒരു മത്സരമായിരുന്നു.
അന്ന് ഒരു മത്സരവും തോൽക്കാതെയാണ് ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിലെത്തിയത്. ഇന്ത്യയെ നയിച്ചത് കപില്‍ ദേവായിരുന്നു, പാകിസ്താനെ നയിച്ചത് ഇമ്രാൻ ഖാനും.
ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 245 എന്ന സ്കോറിലേക്ക് എത്തിയിരുന്നു. അക്കലത്തെ ഒരു മൂകാച സ്കോർ എന്ന് തന്നെ പറയാം. ശ്രീകാന്ത്് 75, ഗവാസ്ക്കര്‍ 92, വെങ്സാര്‍ക്കര്‍ 50 എന്നിവരായിരുന്നു പ്രധാനമായും സ്കോർ ചെയ്തത്.
മറുപടി ബാറ്റിങ്ങില്‍ ജാവേദ് മിയാൻദാദിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു കണ്ടത്. അവസാന പന്തിൽ നാല് റണ്‍സായിരുന്നു പാക്കിസ്ഥാന് വേണ്ടിയിരുന്നത്, ചേതൻ ശര്‍മയെറിഞ്ഞ അവസാന ബോളിൽ സിക്സ് നേടിയാണ് മിയാൻദാദ് ടീമിന് കിരീടം നേടിക്കൊടുത്തത്. ഒരു യോർക്കർ എറിയാൻ ശ്രമിച്ചെങ്കിലും അത് ഫുൾ ടോസ്സായി മാറുകയായിരുന്നു. അത് പ്രതീക്ഷിച്ച് നിന്നപോലെ മിയാൻദാദ് സിക്സറിലേക്കും പായിച്ചു.
മാനസികമായി ഇന്ത്യൻ ടീമിന് മേൽ പാകിസ്ഥാൻ അതോടെ ആധിപത്യം നേടുകയും ചെയ്തു. ഏകദിന ക്രിക്കറ്റിൽ ലോകചാമ്പ്യന്മാരായിരുന്ന ഇന്ത്യ പിന്നീട് പാക്കിസ്ഥാന് മുന്നില്‍ നിരന്തരമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. പ്രത്യേകിച്ചും ഷാർജയിൽ നടന്ന മത്സരങ്ങളിൽ. ഏറെ വർഷങ്ങൾക്ക് ശേഷമാണ് പിന്നീട് ഇന്ത്യൻ ടീം വിജയപാതയിലേക്ക് തിരിച്ച് വന്നത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷം പാക്കിസ്ഥാനെ ഒരു ഫൈനലില്‍ ഇന്ത്യ കീഴടക്കിയത് 2007 ലെ ടി 20 ലോകകപ്പ് ഫൈനലിൽ ആയിരുന്നു.