രഞ്ജി ട്രോഫിയിൽ ഒഡിഷയ്ക്കെതിരെ കേരളത്തിന് ഇന്നിങ്സ് വിജയം
രഞ്ജി ട്രോഫിയില്‍ ഒഡിഷയ്ക്കെതിരെ ഇന്നിങ്സ് വിജയം കരസ്ഥമാക്കി കേരളം. നാലാം ദിനം നാലിന് 102 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഒഡിഷയ്ക്ക് 41 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. അഞ്ച് വിക്കറ്റ് പിഴുത ജലജ് സക്സേനയാണ് കേരളത്തിന്റെ ബൗളിങ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഇന്നിങ്സിനും 36 റണ്‍സിനുമാണ് കേരളത്തിന്റെ ജയം. സ്കോര്‍: കേരളം – 404, ഒഡിഷ – 225 & 143.
ഏഴ് മെയ്ഡനുകള്‍ ഉള്‍പ്പെടെ 18 ഓവര്‍ പന്തെറിഞ്ഞ ജലജ് സ്ക്സേന, 34 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. ആദിത്യ സര്‍വാതെ രണ്ട് വിക്കറ്റ് നേടി. ആദ്യ ഇന്നിങ്സില്‍ നാല് വിക്കറ്റുമായി വൈശാഖ് ചന്ദ്രനാണ് തിളങ്ങിയത്. ആദിത്യ സര്‍വാതെ മൂന്നും സക്സേന രണ്ട് വിക്കറ്റും സ്വന്തമാക്കി. എംഡി നിധീഷ് ഒരു വിക്കറ്റെടുത്തു.
നേരത്തെ സച്ചിന് ബേബിക്ക് പിന്നാലെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീനും സെഞ്ച്വറി നേടിയതോടെയാണ് കേരളം ഒന്നാം ഇന്നിങ്സില്‍ 404 എന്ന മികച്ച ടോട്ടല്‍ ഉയര്‍ത്തിയത്. ആദ്യ ദിനത്തില്‍ തുടക്കത്തില്‍ പരുങ്ങിയ കേരളത്തെ സച്ചിന് ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്നാണ് കരകയറ്റിയത്. ഒന്നാം ദിനത്തില്‍ സച്ചിന് ബേബി സെഞ്ച്വറി നേടിയപ്പോൾ രണ്ടാം ദിനത്തില്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് സെഞ്ച്വറിയടിച്ചത്. എട്ടാമനായി ക്രീസിലെത്തിയ ആദിത്യ സാര്‍വതെ അര്‍ധ സെഞ്ച്വറിയടിച്ച് അസ്ഹറുദ്ദീനെ പിന്തുണച്ചു.
ഈ വരുന്ന 26 മുതല്‍ കരുത്തരായ ബംഗാളിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.











