ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്ബ്യന്മാരെ ഇന്നറിയാം
ഫോട്ടോ ഫിനിഷിലേക്ക് നീണ്ട ഇംഗ്ലീഷ് പ്രീമിയർ ലീഗ് കീരിടപ്പോരാട്ടത്തിന് ഞായറാഴ്ച ക്ലൈമാക്സ്. രാത്രി 8.30ന് തുടങ്ങുന്ന രണ്ട് മത്സരങ്ങള്‍ പ്രീമിയർ ലീഗ് 2023-24 സീസണിലെ ജേതാക്കളെ തീരുമാനിക്കും.
37 മത്സരങ്ങള്‍ വീതം പൂർത്തിയാക്കിയ മാഞ്ചസ്റ്റർ സിറ്റി 88ഉം ആഴ്സനല്‍ 86ഉം പോയന്റ് നേടി ആദ്യ രണ്ട് സ്ഥാനങ്ങളിലാണ്.
സിറ്റി ഇന്ന് വെസ്റ്റ് ഹാം യുനൈറ്റഡിനെ തോല്പിച്ചാല് തുടർച്ചയായി നാല് തവണ കിരീടം സ്വന്തമാക്കുന്ന ആദ്യ ടീമാകും. സിറ്റി തോല്‍ക്കുന്നപക്ഷം എവർട്ടനെതിരെ ജയിക്കുകയാണെങ്കില്‍ ആഴ്സനലിന് രണ്ട് പതിറ്റാണ്ടിന് ശേഷം ചാമ്ബ്യന്മാരാകാം. മൂന്നാമതുള്ള ലിവർപൂളിന് 79 പോയന്റും നാലാം സ്ഥാനത്തുള്ള ആസ്റ്റൻ വിലക്ക് 68 പോയന്റുമുണ്ട്. ഇന്നത്തെ മത്സരങ്ങള്‍ ഇവരുടെ സ്ഥാനങ്ങളില്‍ ചലനമുണ്ടാക്കില്ല.
ഇത്തിഹാദിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വലിയ ജയത്തില്‍ കുറഞ്ഞൊന്നും സിറ്റി ആരാധകർ പ്രതീക്ഷിക്കുന്നില്ല. ഒമ്ബതാം സ്ഥാനക്കാരായ വെസ്റ്റ്ഹാമിന് (52) തകർപ്പൻ ഫോമിലുള്ള പെപ് ഗ്വാർഡിയോള സംഘത്തെ സമനിലയില്‍ പിടിച്ചാല്‍ പോലും വൻനേട്ടമാണ്.
40 പോയന്റുമായി 15ാം സ്ഥാനത്താണ് എവർട്ടൻ. ഇവരെ മറികടക്കല്‍ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ആഴ്സനലിനും പ്രയാസമുള്ള കാര്യമല്ല. സിറ്റി-വെസ്റ്റ് ഹാം മത്സരം സമനിലയില്‍ കലാശിച്ചാല്‍ ഗണ്ണേഴ്സിന് കിരീടസാധ്യത തെളിയുന്നുണ്ട്. ഒരേ പോയന്റ് വരുമ്ബോള്‍ ആദ്യം പരിഗണിക്കുക ഗോള്‍ വ്യത്യാസമാണ്. നിലവില്‍ ആഴ്സനലിന്റെത് 61ഉം സിറ്റിയുടെത് 60ഉം ആണ്.
ഒരേ ഗോള്‍ വ്യത്യാസമാണെങ്കില്‍ അടിച്ച ഗോളുകളുടെ എണ്ണമാണ് പിന്നെ നോക്കുക. നിലവില്‍ സിറ്റി 93ഉം ആഴ്സനല്‍ 89ഉം ഗോള്‍ സ്കോർ ചെയ്തിട്ടുണ്ട്.
മൂന്നാമതായി പരിഗണിക്കുക സീസണില്‍ ഇരുടീമും നേർക്കുനേർ ഏറ്റുമുട്ടിയപ്പോള്‍ ലഭിച്ച പോയന്റാണ്. ഇക്കാര്യത്തില്‍ ആഴ്സനലാണ് മുന്നില്‍.