മമതാ ബാനര്‍ജിയുടെ ഹെലികോപ്റ്ററിന് അടുത്ത് ഡ്രോൺ എത്തി; മാള്‍ഡയിലെ പൊതുപരിപാടി കഴിഞ്ഞ് ഹെലികോപ്റ്ററില്‍ കയറാന്‍ പോകുമ്പോഴാണ് ഡ്രോൺ കണ്ടത്
പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് ചെയര്‍പേഴ്സണുമായ മമതാ ബാനര്‍ജിയുടെ ഹെലികോപ്റ്ററിന് അടുത്ത് ആശങ്ക പരത്തി ഡ്രോണ്‍. മാള്‍ഡയിലെ പൊതുപരിപാടി കഴിഞ്ഞ് ഹെലികോപ്റ്ററില്‍ കയറാന്‍ പോകുമ്പോഴാണ് ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. ഡ്രോണിന്റെ നീക്കങ്ങള്‍ സംശയാസ്പദമായി തോന്നി. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് അന്വേഷിക്കാന്‍ മമതാ ബാനര്‍ജി നിര്‍ദേശം നല്കി. എന്നാല്‍ അത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തന്നെ മീഡിയാ ടീമിന്റെ ഡ്രോണ്‍ ആണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
ഇന്ന് മൂന്ന് പൊതുയോഗങ്ങളിലായിരുന്നു മമതാ ബാനര്‍ജി പങ്കെടുക്കേണ്ടിയിരുന്നത്. മണിചക്കില് നടന്ന പൊതുയോഗത്തില്‍ പങ്കെടുത്തതിന് ശേഷം മുഖ്യമന്ത്രി മലാട്ടിപൂരിൽ റാലിയില്‍ പങ്കെടുക്കുന്നതിനായെത്തി. അതിനുശേഷം ഗസോളിലേക്ക് പോകാന്‍ ഹെലിപാടിലേക്ക് എത്തിയപ്പോഴാണ് ഹെലികോപ്റ്ററിന് സമീപം ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഡ്രോണിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാനും ബന്ധപ്പെട്ടവരെ കണ്ടെത്താനും മമത നിര്‍ദേശിക്കുകയായിരുന്നു.








