ഉപയോഗിക്കാത്ത ഗൂഗിള്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യും; മുന്നറിയിപ്പ്
കുറെ നാളുകളായി ഉപയോഗിക്കാതിരിക്കുന്ന അക്കൗണ്ടുകള്‍ ഡിസംബര്‍ 31 മുതല്‍ ഡിലീറ്റ് ചെയ്ത് തുടങ്ങുമെന്ന് ടെക് ഭീമന് ഗൂഗിള്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഗൂഗിളില്‍ ഒരു തവണ പോലും സൈന്‍ അപ്പ് ചെയ്യാത്തവരുടെ അക്കൗണ്ടുകളാണ് ഡിലീറ്റ് ചെയ്യുക. സുരക്ഷയുടെ ഭാഗമായാണ് അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ പോകുന്നതെന്നാണ് ഗൂഗിൾ പറയുന്നത്.
കുറെ നാള് അക്കൗണ്ട് ഉപയോഗിക്കാതിരുന്നാല്‍ ദുരുപയോഗത്തിനുള്ള സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഗൂഗിള്‍ പ്രൊഡക്ട് മാനേജ്മെന്റ് വൈസ് പ്രസിഡന്റ് റൂത്ത് ക്രിചെലി പറഞ്ഞു.ഇതുകൂടാതെ ഇത്തരം അക്കൗണ്ടുകള്‍ സുരക്ഷയുടെ ഭാഗമായുള്ള ടു ഫാക്ടര്‍ ഓതന്റിക്കേഷന് വിധേയമാക്കാനുള്ള സാധ്യതയും കുറവാണ്. ഇത് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. ഇതെല്ലാം കണക്കിലെടുത്താണ് നടപടിയെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു.
ഒരുതവണ അക്കൗണ്ട് ഡിലീറ്റ് ആയാല്‍, പുതിയ അക്കൗണ്ട് തുടങ്ങുന്നതിന് ബന്ധപ്പെട്ട ജിമെയില്‍ അഡ്രസ് ഉപയോഗിക്കാന്‍ സാധിക്കില്ല. അക്കൗണ്ട് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ രണ്ടു വർഷത്തിലൊരിക്കൽ ലോഗിന്‍ ചെയ്യാന്‍ മറക്കരുതെന്നും ഗൂഗിള്‍ ഓര്‍മ്മിപ്പിച്ചു.