കോഴിക്കോട് അരക്കിണറിൽ സൈക്കിളില് പോയ കുട്ടിയെ ആക്രമിച്ച് തെരുവുനായ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട് വീണ്ടും തെരുവ് നായ ആക്രമണം. ബേപ്പൂരിലെ അരക്കിണറില് വിദ്യാര്ത്ഥികൾക്ക് നേരെ തെരുവുനായ ആക്രമണം. സൈക്കിളിലിരിക്കുകയായിരുന്ന കുട്ടിക്ക് നേരെ നായ ചാടിവീഴുകയായിരുന്നു. നിലത്ത് വീണ ശേഷം കൈയില് കടിച്ച് വലിച്ച് കൊണ്ടു പോകാന് ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മൂന്ന് കുട്ടികളുള്പ്പെടെ നാലു പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്.
അരക്കിണർ ഗോവിന്ദപുരം സ്കൂളിന് സമീപം ഉച്ചകഴിഞ്ഞു മൂന്ന് മണിയോടെ മൂന്നു പേർക്കാണ് കടിയേറ്റത്. ഏഴാം ക്ലാസ് വിദ്യാർത്ഥികളായ നൂറാസ്, ആറാം ക്ലാസ് വിദ്യാർത്ഥിയായ വൈഗ എന്നീ കുട്ടികളെയാണ് നായ ആക്രമിച്ചത്. നൂറാസിന്റെ കൈകൾക്കും കാലിനും ആഴത്തിൽ കടിയേറ്റു. വൈഗയുടെ തുടയുടെ പിൻഭാഗത്താണ് കടിയേറ്റത്. ഇവരെ രക്ഷിക്കാന് ശ്രമിക്കുന്നതിടെയാണ് 44 കാരനായ ഷാജുദ്ദീനും കടിയേറ്റത്. ഗോവിന്ദപുരം സ്കൂള് മൈതാനത്തും പരിസരങ്ങളിലും തെരുവനായകളുടെ വിളയാട്ടമാണെന്നാണ് നാട്ടുകാര് പറയുന്നത്.
വഴിയിലൂടെ നടന്നുപോകുന്ന പെണ്കുട്ടിയെ നായ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശരീരത്തിലെ മാസം പുറത്തുവരുന്ന രീതിയില് ആഴത്തിലുള്ള മുറിവുകള് കുട്ടികള്ക്കുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തില് ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്. തെരുവുനായ ശല്യത്തില് ഉടന് പരിഹാരം കണ്ടെത്തുമെന്ന് മന്ത്രി എം ബി രാജേഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു. വിഷയത്തില് ഇന്ന് മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.