നടി തൃഷ രാഷ്ട്രീയത്തിലേക്കെന്ന് സൂചന
ചലച്ചിത്ര താരം തൃഷ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച വാർത്തകൾ തമിഴ് മാധ്യമങ്ങളിലാണ് റിപ്പോർട്ട് ചെയ്തത്. നടി കോൺഗ്രസിൽ ചേരാനാണ് സാധ്യതയെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാഷ്ട്രീയത്തിലെ സാധ്യതകൾ പഠിച്ച ശേഷമായിരിക്കും തൃഷ രംഗത്തേക്ക് വരിക. എന്നാൽ വാർത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയത്തിൽ ജനസേവനത്തിലൂടെ സജീവമായ നടൻ വിജയിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് രാഷ്ട്രീയത്തിലിറങ്ങാനുള്ള താരത്തിന്റെ തീരുമാനമെന്നും റിപ്പോർട്ടിൽ പറയുന്നു.
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടിയാണ് തൃഷ. മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവനാണ് തൃഷയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. തമിഴ്സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്രനോവലിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തമിഴിലെ മുൻനിര താരങ്ങൾ ആണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചോള രാജവംശത്തിന്റെ ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ‘കുന്തവി’ രാജ്ഞിയെയാണ് തൃഷ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ തൃഷയുടെ ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു.
മലയാള ചിത്രമായ റാം, അരവിന്ദ് സ്വാമിക്കൊപ്പം സതുരംഗ വേട്ടൈ 2, അരുൺ വസീഗരൻ സംവിധാനം ചെയ്യുന്ന ദ റോഡ് എന്നിവയാണ് തൃഷയുടെ അടുത്ത ചിത്രങ്ങൾ.
Content highlights – trisha, politics, actress