‘ന്നാ താൻ കേസ് കൊട് ‘ വിവാദത്തിൽ പതറാതെ തിയേറ്ററുകളിൽ, പ്രതികരണവുമായി ചാക്കോച്ചൻ
കുഞ്ചാക്കോ ബോബന്, ഗായത്രി ശങ്കര്‍ എന്നിവര്‍ നായകനും നായികയുമായി എത്തുന്ന ചിത്രം ‘ന്നാ താൻ കേസ് കൊട്’ വിവാദങ്ങൾക്ക് നടുവിലും പതറാതെ തിയേറ്ററിൽ.
പയ്യന്നൂരുകാരനായ രതീഷ് ബാലകൃഷ്ണപ്പൊതുവാളാണ് സിനിമ സംവിധാനം ചെയ്തത്. അണിയറയിലും മുന്നണിയിലും ഉള്ളവരില്‍ ഏറിയ പങ്കും കണ്ണൂര്‍, കാസര്‍കോട് ജില്ലക്കാരാണ്.
കാസര്‍കോടിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം ചീമേനി, കയ്യൂര്‍, മയ്യിച്ച, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ ഭാഗങ്ങളിലാണ് നടന്നത്.
സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് മാധ്യമങ്ങളിൽ വന്ന പരസ്യം വലിയ ശ്രദ്ധ നേടുകയാണ്. തീയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നാണ് പരസ്യവാക്യചകം. കേരളത്തിലെ റോഡുകളിലെ കുഴികളെ പറ്റി ഈ മഴക്കാലത്ത് വിമർശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്താണ് ഈ പരസ്യവാചകം. സമൂഹമാധ്യമങ്ങളിൽ ഈ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങൾ തകർക്കുകയാണ്.
സിനിമ കാണില്ലെന്നും ബഹിഷ്കരിക്കണമെന്നും തരത്തിലുള്ള ആഹ്വാനങ്ങൾ വരെ ഉയരുന്നുണ്ട്.
ഇതൊരു കോർട്ട് റൂം ഡ്രാമയാണ്. ഏതെങ്കിലും സർക്കാറിനെയോ രാഷ്ട്രീയക്കാരെ മാത്രം ഉദ്ദേശിച്ചല്ല ഈ സിനിമ. വർഷങ്ങളായി ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഹ്യൂമർ വഴി അവതരിപ്പിക്കുന്ന ചിത്രമാണിത്. മാറിമാറി വരുന്ന രാഷ്ട്രീയ കക്ഷികളെല്ലാം ഈ സിനിമയിലൂടെ കടന്നുപോകുന്നു.
റോഡ് പണിയിൽ അതോറിറ്റികൾ തമ്മിലുള്ള കോർഡിനേഷൻ ഇല്ലായ്മയൊക്കെ നമ്മൾ നേരിടുന്ന പ്രശ്നങ്ങളാണ്. ഇതെല്ലാം സിനിമയിൽ പറയുന്നു. ഒരു മുൻകാല കള്ളന്റെ ജീവിതത്തിൽ ഒരു കുഴിയുണ്ടാക്കുന്ന പ്രശ്നങ്ങളാണ് സിനിമയുടെ പ്രമേയം. ഇതിനെ ഒരു സിനിമാറ്റിക് രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ്. സിനിമ കാണില്ല എന്നതെല്ലാം അവരുടെ ഇഷ്ടമാണ്. എന്നാൽ, ഈ സിനിമ കണ്ടവർക്ക് മനസ്സിലാകും എന്താണ് ഉദ്ദേശിച്ചതെന്ന്. എനിക്ക് ഈ പോസ്റ്റർ കണ്ടപ്പോൾ ചിരിയാണ് വന്നത്. ചാക്കോച്ചൻ പറഞ്ഞു.