സ്വര്‍ണ്ണക്കടത്ത്: മുസ്ലീം ലീഗ് നേതാവിന്റെ മകന് ദുബായിലേയ്ക്ക് പണം കൈമാറിയത് ഹവാല വഴി; ഗുരുതരമായ കണ്ടെത്തലുകളുമായി കസ്റ്റംസ്: റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സാര്‍ക്ക് ന്യൂസിന്
ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയ സംഭവത്തില്‍ മുസ്ലീം ലീഗ് നേതാവ് ഇബ്രാഹിം കുട്ടിയുടെ മകന് ദുബായിലുണ്ടായിരുന്ന സിനിമാ നിര്‍മാതാവ് കെ.പി.സിറാജുദ്ദീന് ഒരു കോടി രൂപകൈമാറിയത് ഹവാല ഇടപാട് വഴിയെന്ന് കസ്റ്റംസ്. സിറാജുദ്ധീന് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളും തുറമുഖങ്ങളും വഴി നിരവധി തവണ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതരമായ വെളിപ്പെടുത്തലുകളടങ്ങിയ റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സാര്‍ക്ക് ന്യൂസിന് ലഭിച്ചു.
സ്വര്‍ണകടത്തിന്റെ നാള്‍വഴികള്‍
ഏപ്രില്‍ 23ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ വിഭാഗത്തില്‍ നിന്ന് പുറത്തെത്തിയ KL 45 N 9669 നമ്പരിലുള്ള മാരുതി കാര്‍ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. ഏപ്രില്‍ 16ന് ദുബായില്‍ നിന്നും കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ കൊണ്ടുവന്ന കാര്‍ഗോ സ്വീകരിക്കാനെത്തിയ നകുല്‍ എന്നയാളായിരുന്നു കാറിലുണ്ടായിരുന്നത്. ഒപ്പം ഐ എസ് ബി ലോജിസ്റ്റിക്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കസ്റ്റംസ് ബ്രോക്കര്‍ സ്ഥാപനത്തിന്റെ ജീവനക്കാരനായ ബിജു കെ.ജി എന്നയാളും. ഇവര്‍ കൈപ്പറ്റാനെത്തിയ കാര്‍ഗോയില്‍ അനധികൃതമായി സ്വര്‍ണ്ണം കടത്തുന്നതായി കൃത്യമായ വിവരം തങ്ങള്‍ക്കുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരെ ധരിപ്പിച്ചു.
കെ.പി.സിറാജുദ്ദീന് എന്നയാളാണ് കാര്‍ഗോ അയച്ചതെന്ന് കാറിലുണ്ടായിരുന്നവര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഷാബിന് എന്നയാള്‍ കാര്‍ഗോ കൈപ്പറ്റാന്‍ തങ്ങളോടൊപ്പം വന്നെങ്കിലും പിന്നീട് അയാളെ കാണാനില്ലെന്നും അവര്‍ പറഞ്ഞു. എയര്‍ കാര്‍ഗോ കോംപ്ലക്സിലെ ക്ലിയറന്‍സ് കഴിഞ്ഞ് പുറത്തുകൊണ്ടുവന്ന കണ്സൈന്മെന്റ് തിരികെ കോംപ്ലക്സിനുള്ളില്‍ കയറ്റി വിശദമായി പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. തടികൊണ്ടുള്ള പാക്കിങ് തുറന്ന് പരിശോധിച്ചപ്പോള്‍ അതിനുള്ളില്‍ ഇറച്ചിവെട്ടാനുപയോഗിക്കുന്ന ഒരു ബോണ്‍ കട്ടര്‍ മെഷീന് ആയിരുന്നു ഉണ്ടായിരുന്നത്. അതിന് ബ്രാന്‍ഡ് നെയിമോ മോഡല്‍ നമ്പരോ ഒന്നും ഉണ്ടായിരുന്നില്ല. ലോഹം കൊണ്ടുള്ള മെഷീന്റെ അടിഭാഗം തുറന്ന് പരിശോധിച്ചപ്പോള്‍ നാലു സ്വര്‍ണ്ണക്കട്ടികള്‍ അതിനുള്ളില്‍ ഒളിപ്പിച്ചിരുന്നതായി കണ്ടെത്തി. നാലു സ്വര്‍ണ്ണക്കട്ടികള്‍ക്കും കൂടി 2232 ഗ്രാം തൂക്കമുണ്ടായിരുന്നു. ഇതിന് കമ്പോളത്തില്‍ ഒരുകോടി ഇരുപത് ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപ മതിപ്പുണ്ടെന്ന് കസ്റ്റംസ് പറയുന്നു.
പ്രതികളിലേക്ക്…
നകുല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തുകയും സ്വര്‍ണ്ണക്കടത്തിന് പിന്നിലുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്തുകയും ചെയ്തു. ഷാബിന് ഇബ്രാഹിമും കെ.പി.സിറാജുദ്ദീനുമാണ് സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരന്മാരെന്ന് നകുല്‍ മൊഴി നല്കി. ഇരുവര്‍ക്കും വലിയ രാഷ്ട്രീയ സ്വാധീനമുണ്ടെന്നും നകുല്‍ കസ്റ്റംസിനോട് പറഞ്ഞു. മുസ്ലീം ലീഗിന്റെ ഉന്നത നേതാവും തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍പേഴ്സണുമായ ഇബ്രാഹിംകുട്ടിയുടെ മകനാണ് ഷാബിന് ഇബ്രാഹിം. വാങ്ക്, ചാര്‍മിനാര്‍ തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് സിറാജുദ്ദീന്.
സംഭവവുമായി ബന്ധപ്പെട്ട് സിറാജുദ്ദീന്റെയും ഷാബിന്റെയും വീടുകളില്‍ ചൊവ്വാഴ്ച്ച കസ്റ്റംസ് പരിശോധന നടത്തി. പിന്നാലെ ചോദ്യംചെയ്യലിന് ഹാജരാവാന്‍ ഷാബിനും കെ.പി.സിറാജുദ്ദീനും കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. വ്യാഴാഴ്ച്ച ഇരുവരേയും കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലിന് ശേഷം ഷാബിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
രാജ്യത്തെ പല വിമാനത്താവളങ്ങള്‍ വഴിയും തുറമുഖങ്ങള്‍ വഴിയും സ്വര്‍ണക്കളളക്കടത്ത് നടത്തിയിട്ടുള്ള വ്യക്തിയാണ് സിറാജുദ്ദീന് എന്ന് ഷാബിന് കസ്റ്റംസിന് മൊഴി നല്കി. ഇയ്യാള് തന്റെ സുഹൃത്താണെന്നും സ്വര്‍ണ്ണക്കടത്തില്‍ താല്‍പ്പര്യമുണ്ടോയെന്ന് ഇങ്ങോട്ട് ചോദിച്ചുവെന്നും ഷാബിന് പറയുന്നു.
സ്വര്‍ണ്ണം കൊണ്ടുവരുന്നതിനായി സിറാജുദ്ദീന് ഒരു കോടി രൂപ ആവശ്യപ്പെട്ടു. ഹവാല ഇടപാടുകള്‍ വഴിയാണ് താന്‍ പണം ദുബായിലെത്തിച്ചതെന്നും ഷാബിന് കസ്റ്റംസിനോട് പറഞ്ഞു. സിറാജുദ്ദീന് ആവശ്യപ്പെട്ട ഒരു കോടി രൂപയില്‍ ഷാബിന് മുടക്കിയത് 65 ലക്ഷം രൂപയാണ്. ബാക്കി 35 ലക്ഷം രൂപ സുഹൃത്തുക്കള്‍ ചേര്‍ന്ന് നല്‍കിയതാണെന്നും കസ്റ്റംസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷാബിനെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുപ്പത്തടം സ്വദേശി അഫ്സല്, പാലച്ചുവട് സ്വദേശി സുധീര്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. ഷാബിന്റെ കൂട്ടാളി പി.എ.സിറാജുദ്ദീനെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കേസിലെ മൂന്നാം പ്രതിയായ സിറാജുദ്ദീന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ പേരിലാണ് സ്വര്‍ണം ഒളിപ്പിച്ചെത്തിയ ഇറച്ചിവെട്ട് യന്ത്രം എത്തിയത്.
രാഷ്ട്രീയ ആരോപണങ്ങള്‍
സ്വര്‍ണ്ണക്കടത്ത് കേസില്‍ രാഷ്ട്രീയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ആരംഭിച്ചുകഴിഞ്ഞു. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍പേഴ്സണും ലീഗ് നേതാവുമായ എ.എ.ഇബ്രാഹിംകുട്ടി രാജിവെയ്ക്കണം എന്നാണ് എല്‍ഡിഎഫ് അംഗങ്ങളുടെ ആവിശ്യം. എന്നാല്‍, കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇബ്രാഹിംകുട്ടിയുടെ മകന് ഷാബിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നാണ് ലീഗിന്റെ വാദം. ഷാബിന് എല്‍ഡിഎഫുമായി സഹകരിച്ചിരുന്ന വ്യക്തി ആയിരുന്നു എന്നും സിപിഎമ്മും ഷാബിനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനിനെ പറ്റി അന്വേഷണം വേണമെന്നും ലീഗ് ആവശ്യപ്പെട്ടു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുട്ടിയെ കസ്റ്റംസ് ചോദ്യം ചെയ്തത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു.
Content Highlight: Meat slicer gold smuggling case. Customs remand report says 1 crore hawala money sourced for smuggling gold.