രാജസ്ഥാനിൽ അധ്യാപകന്റെ മർദ്ദനത്തെ തുടർന്ന് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റതായി പരാതി
അധ്യാപകൻ മർദിച്ചതിനെ തുടർന്ന് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റതായി പരാതി. സംഭവം രാജസ്ഥാനിലെ ഉദയ്പൂരില്‍ ഹിരണ്‍മാഗ്രി പൊലീസ് സ്റ്റേഷന് പരിധിയിലാണ്. അധ്യാപകൻ മറ്റൊരു കുട്ടിയോട് ചോദിച്ച ചോദ്യത്തിന് ചാടിക്കയറി ഉത്തരം പറഞ്ഞതിനാണ് സംയക് നന്ദാവത് എന്ന 14 വയസുള്ള കുട്ടിയുടെ തല മേശയിലിടിപ്പിച്ചത്. കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അധ്യാപകൻ മർദിച്ചതിനെ തുടർന്ന് കുട്ടിയുടെ മുഖത്ത് പരുക്കേറ്റെന്നും മുന്‍വശത്തുള്ള പല്ലുകള്‍ നഷ്ടമായെന്നും കുട്ടിയുടെ കുടുംബം പറയുന്നു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഹിന്ദി അധ്യാപകനാണ് ക്രൂരത കാണിച്ചത്. അധ്യാപകന്റെ മർദ്ദനത്തിൽ കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റിട്ടും സ്കൂള്‍ അധികൃതരോ അധ്യാപകരോ കുട്ടിയ്ക്ക് വൈദ്യ സഹായം നല്‍കുകയോ വീട്ടുകാരെ വിവരമറിയിക്കുകയോ ചെയ്തില്ല. വീട്ടുകാര്‍ കുട്ടി വീട്ടിലെത്തിക്കഴിഞ്ഞു പരുക്കിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് കുട്ടി സംഭവം മാതാപിതാക്കളോട് പറയുന്നത്.
വീട്ടുകാര്‍ സ്കൂളിലെത്തി അന്വേഷിച്ചപ്പോള്‍ കുട്ടി ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ മേശയില്‍ തലയിടിച്ചതാണെന്നായിരുന്നു അധ്യാപകന്റെ പ്രതികരണം. വീട്ടുകാർ ബഹളം വെച്ചപ്പോൾ ഇനി ഇത്തരം സംഭവങ്ങള്‍ അധ്യാപകന്റെ ഭാഗത്തുനിന്ന് കണ്ടെത്തിയാല്‍ മാത്രം നടപടിയെടുക്കാമെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
Content highlights – rajasthan, student injured, beaten up by a teacher