കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച സംഭവം; രണ്ടുപേർ പിടിയിൽ
കോഴിക്കോട് കക്കോടിയിൽ വ്യാപാരിയെ തട്ടികൊണ്ട് പോയി മർദിച്ച സംഭവത്തിൽ രണ്ട് പേര് കസ്റ്റഡിയിൽ. സാലിഹ് ജമീൽ, മുഹമ്മദ് ഷബീർ എന്നിവരെയാണ് മലപ്പുറത്ത് നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ബാലുശ്ശേരി സ്വദേശിയായ ലുഖ്മനുൽ ഹക്കീമിനെ വ്യാഴാഴ്ച രാത്രി നാലംഗ സംഘം തട്ടിക്കൊണ്ടുപോയി മർദിച്ച ശേഷം റോഡരികിൽ തള്ളുകയായിരുന്നു.
ഹക്കീം രാത്രി 9.30ഓടെ കട അടച്ച് കോഴിക്കോട് ഭാഗത്തേക്ക് ബൈക്കില്‍ പോവുകയായിരുന്നു. മഴ പെയ്തപ്പോള്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനരികില്‍ ബൈക്ക് നിര്‍ത്തി അവിടെ നിന്നു. മഴക്കോട്ട് ധരിക്കുമ്പോൾ ഒരു വാനിൽ വന്ന സംഘം പിടിച്ചുകൊണ്ടുപോവുകയായിരുന്നെന്ന് ഹക്കീം പറഞ്ഞു. ഹക്കീം ഉറക്കെ കരഞ്ഞെങ്കിലും വാൻ ഹക്കീമുമായി കടന്നു കളയുകയായിരുന്നു. വിവരം നാട്ടുകാർ പൊലീസിനെ അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി.
നരിക്കുനി ഭാഗത്തേക്ക് വാൻ ഹക്കീമുമായി പോയിരുന്നു. കുന്നമംഗലം വഴി എടവണ്ണപ്പാറ റോഡിലൂടെ പോയ വാനില്‍ ഉണ്ടായിരുന്നുവര്‍ ഹക്കീമിനെ മര്‍ദ്ദിച്ച ശേഷം റോഡരികില്‍ തള്ളുകയായിരുന്നു. അവശ നിലയിലായ ഹക്കീമിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പന്ത്രണ്ടോടെ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
തട്ടിക്കൊണ്ടുപോയതിനു കാരണം ഇപ്പോൾ പറയാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. സ്വർണക്കടത്തുമായി പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. മെഡിക്കൽ കോളജ് അസിസ്റ്റൻറ് കമ്മീഷണർ കെ സുദർശൻ, ചേവായൂർ ഇൻസ്പെക്ടർ കെ കെ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Content Highlights – Businessman kidnapped and beaten