വിജയ് ബാബുവിനെതിരെ അച്ചടക്ക നടപടി ഇല്ല. പരാതിപരിഹാര സമിതിയില്‍ നിന്ന് മാല പാര്‍വതി രാജിവെച്ചു
താരസംഘടനയായ ‘അമ്മ’യുടെ ആഭ്യന്തര പരാതിപരിഹാര സമിതിയില്‍ നിന്ന് മാല പാര്‍വതി രാജിവെച്ചു. ബലാല്‍സംഗ കേസില്‍ ആരോപണ വിധയനായ നടന് വിജയ് ബാബുവിനെതിരെ അച്ചടക്ക നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് മാല പാർവ്വതി സാർക്ക് ന്യൂസിനോട് പറഞ്ഞു. വിജയ് ബാബു കേസിലെ അതിജീവിതയുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ പരസ്യമാക്കിയത് ഗൗരവതരമായ കുറ്റമായതിനാല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ഇയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര പരാതി പരിഹാര സെല്‍ ആവിശ്യപ്പെട്ടിരുന്നു.
ശക്തമായ അച്ചടക്ക നടപടി എന്നായിരുന്നു പരാതിപരിഹാര സമിതിയിലെ അംഗങ്ങള്‍ ഏകകണ്ഠേന എടുത്ത തീരുമാനം. എന്നാല്‍, വിജയ് ബാബുവിൻ്റെ തന്നെ ആവശ്യപ്രകാരം നടനെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ഞായറാഴ്ച്ച ചേര്‍ന്ന അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗതീരുമാനമായി മാധ്യമങ്ങളെ അറിയിച്ചത്.
എന്നാൽ ഇത് താരതമ്യേന ലഘുവായ നടപടിയാണെന്ന് മാല പാർവ്വതി പറയുന്നു. വിജയ് ബാബുവിനെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ പുറത്താക്കുക എന്ന നടപടി അമ്മ എടുക്കേണ്ടിയിരുന്നു. പരാതിപരിഹാര സമിതിയുടെ തീരുമാനം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമിതിയില്‍ നിന്ന് രാജി വെയ്ക്കുന്നത് എന്ന് മാല പാര്‍വതി വ്യക്തമാക്കി.
തനിക്ക് മാത്രമല്ല ശ്വേതാ മേനോനും കുക്കു പരമേശ്വരനും ഇതിൽ പ്രതിഷേധമുണ്ടെന്നാണ് താൻ മനസിലാകുന്നതെന്നും മാല പാർവ്വതി പറയുന്നു. മാല പാർവ്വതിയ്ക്ക് പുറമേ ശ്വേതാ മേനോനും ആഭ്യന്തര പരാതി പരിഹാരസമിതിയിൽ നിന്നും രാജിവെയ്ക്കാൻ സാധ്യതയുണ്ടെന്നാണ് സാർക്ക് ന്യൂസിന് ലഭിക്കുന്ന വിവരം.
അതേസമയം, അമ്മ എന്ന സംഘടനയ്ക്ക് നിയമപരമായി ആഭ്യന്തരപരാതി പരിഹാരസമിതി രൂപീകരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് മാല പാർവ്വതി പറയുന്നു. അമ്മ ഒരു തൊഴിൽദാതാവല്ല. നിയമപ്രകാരം തൊഴിൽ ദാതാവിന് മാത്രമേ തൊഴിലിടങ്ങളിലെ ആഭ്യന്തര പരാതി പരിഹാരത്തിന് കമ്മിറ്റി രൂപീകരിക്കേണ്ടതുള്ളൂ.
അത്തരം ഒരു സാഹചര്യത്തിൽ ഈ സമിതി നിയമപരമായി ഒരു വലിയ ബാധ്യതയാണെന്നും അവർ കൂട്ടിച്ചേർത്തു. നിയമപ്രകാരം സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കാനും അതിക്രമങ്ങൾ തടയാനുമുള്ള ബാധ്യത പരാതി പരിഹാര സമിതിയ്ക്കുണ്ട്. എന്നാൽ സമിതി സ്വയംഭരണാവകാശമുള്ളതാണെങ്കിൽ മാത്രമേ അത്തരത്തിൽ പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. നിലവിൽ സമിതി സ്വയംഭരണമുള്ളതല്ലാത്തതിനാൽ അതിൽ അംഗമായി തുടരുന്നത് ഭാരിച്ച ഉത്തരവാദിത്തമാണെന്നും അതിനാലാണ് രാജിവെയ്ക്കുന്നതെന്നും മാല പാർവ്വതി അമ്മയ്ക്ക് സമർപ്പിച്ച രാജിക്കത്തിൽ പറയുന്നു. അതേസമയം അമ്മയിൽ അംഗമായി തുടരുമെന്നും അവർ പറഞ്ഞു.
Content Highlight: Actress Maala Parvathy resigns as ICC member of AMMA