സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുടുംബശ്രീ 50 ലക്ഷം ത്രിവർണ പതാകകൾ തയ്യാറാക്കി നൽകും
ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രധാന പങ്ക് വഹിക്കാൻ കുടുംബശ്രീയും. അമ്പത് ലക്ഷം പതാകകൾ വിതരണം ചെയ്യാൻ ഏറ്റെടുത്തിരിക്കുകയാണ് കുടുംബശ്രീ. പതാക തയ്യാറാകുന്നത് കുടുംബശ്രീ ജില്ലാ മിഷനു കീഴിലുള്ള തയ്യൽ യൂണിറ്റുകളിലെ കുടുംബശ്രീ പ്രവർത്തകരാണ്.
സ്കൂളുകൾക്കാവശ്യമായ പതാകയുടെ എണ്ണം അധികൃതർ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കും. ഇതുപോലെതന്നെ വീടുകളിലേക്കാവശ്യമായ പതാകയുടെ എണ്ണവും കൂടി മൊത്തം കണക്കാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററെ അറിയിക്കും.
ആവശ്യം അനുസരിച്ച് തയാറാക്കിയ പതാകകൾ തദ്ദേശ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യും. മലപ്പുറം കുടുംബശ്രീ ജില്ലാമിഷനു കീഴിലെ ‘റെയിൻബോ ക്ലോത്ത് ആൻഡ് ബാഗ് യൂണിറ്റ്സ് സൊസൈറ്റി’ കൺസോർഷ്യത്തിലെ 94 സംരംഭക യൂണിറ്റുകൾ ചേർന്നാണ് പതാക നിർമിക്കുന്നത്. ജോലിയിൽ ഏർപ്പെട്ടിട്ടുള്ളത് മുന്നൂറ്റമ്പതോളം പേരാണ്. കുടുംബശ്രീ ജില്ലാമിഷൻ ആവശ്യമായ പരിശീലനം നൽകിയിരുന്നു.
Content Highlights – Independence day, Kudumbashree, 50 tricolour flags