പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി സ്കൂളില്‍വെച്ച് പ്രസവിച്ചു; കുറ്റിച്ചെടികള്‍ക്കിടെ ഉപേക്ഷിച്ച കുഞ്ഞ് മരിച്ചു; പത്താംക്ലാസുകാരനെതിരെ കേസ്
തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ ഭുവനഗിരിയല്‍ സ്കൂളിന് സമീപത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സ്കൂളിലെ പതിനൊന്നാം ക്ലാസുകാരി പ്രസവിച്ച കുഞ്ഞിനെയാണ് ഉപേക്ഷിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ പത്താം ക്ലാസുകാരനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
നവജാത ശിശുവിന്റെ മൃതദേഹം സ്കൂളിനോട് ചേര്‍ന്നുള്ള മതിലിനടുത്ത് നിന്ന് വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. കുഞ്ഞിനെ കണ്ട ഒരു വിദ്യാര്‍ത്ഥിയാണ് സ്കൂള്‍ അധികൃതരോട് കാര്യം അറിയിച്ചത്. പിന്നീടവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. പതിനൊന്നാം ക്ലാസുകാരിയാണ് കുഞ്ഞിനെ പ്രസവിച്ചതെന്ന് പൊലീസ് കണ്ടെത്തി. ക്ലാസില്‍ വെച്ച് വയറുവേദന അനുഭവപ്പെട്ട കുട്ടി സ്കൂളിലെ കുളിമുറിയിലേക്ക് പോവുകയായിരുന്നു. അവിടെവച്ച് കുഞ്ഞിനെ പ്രസവിച്ച ശേഷം സ്കൂള്‍ മതിലിനോട് ചേര്‍ന്ന കുറ്റിച്ചെടികള്‍ക്കിടയില്‍ ഉപേക്ഷിച്ച് വീട്ടിലേക്ക് പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ചോദ്യം ചെയ്യലില്‍ മറ്റൊരു സ്കൂളിലെ പത്താം ക്ലാസുകാരനാണ് തന്നെ ഗര്‍ഭിണിയാക്കിയതെന്ന് കുട്ടി വെളിപ്പെടുത്തി. കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി ശരിയായ വിധം മുറിഞ്ഞിട്ടില്ലാത്തതിനാല്‍ സ്കൂളിനകത്ത് തന്നെയായിരിക്കും കുഞ്ഞിനെ പ്രസവിച്ചതെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. പൊക്കിള്‍ക്കൊടി പേന ഉപയോഗിച്ചാണ് മുറിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്ന കാര്യം വീട്ടുകാര്‍ ആരും അറിഞ്ഞിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ആണ്‍കുട്ടിക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്തതായും കൂടുതല്‍ അന്വേഷണം നടന്ന് വരുന്നതായും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ പിന്നീട് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.