ബംഗ്ലാദേശിൽ വെെദ്യുതി ക്ഷാമം; സ്കൂളുകളുടെയും ഓഫീസുകളുടെയും പ്രവർത്തന സമയം കുറയ്ക്കും
ബംഗ്ലാദേശിൽ വെെദ്യുതി ക്ഷാമം രൂക്ഷമായി തുടരുന്നു. ഇത് പരിഹരിക്കുന്നതിനായി ബംഗ്ലാദേശിലെ സ്കൂളുകളുടെ പ്രവൃത്തി ദിവസങ്ങളും ഓഫീസുകളുടെ പ്രവർത്തന സമയവും കുറയ്ക്കുമെന്ന് സർക്കാർ അറിയിച്ചു.
വെള്ളിയാഴ്ച മാത്രം പൊതു അവധി ആയിരുന്ന സ്കൂളുകൾക്ക് ഇനിമുതൽ ശനിയാഴ്ചയും അവധി നൽകും. പ്രവർത്തന സമയം എട്ട് മണിക്കൂർ ആയ സർക്കാർ ഓഫിസുകളിൽ പകരം ഏഴ് മണിക്കൂറാക്കി ചുരുക്കും എന്നും ബംഗ്ലാദേശ് ക്യാബിനറ്റ് സെക്രട്ടറി ഖണ്ഡകാർ അൻവാറുൾ ഇസ്ലാം പറഞ്ഞു. ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ രണ്ട് മണിക്കൂർ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് ഇന്ധന ഇറക്കുമതി ചെലവ് വർദ്ധിക്കുകയും ബംഗ്ലാദേശിന്റെ സാമ്പത്തികാവസ്ഥയെ ഇത് ബാധിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം രാജ്യത്ത് ദിവസേന രണ്ട് മണിക്കൂർ പവർ കട്ട് ആരംഭിച്ചിരുന്നുവെങ്കിലും പ്രശ്നപരിഹാരം സാധ്യമായില്ല. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
Content highlights – bangladesh, electricity shortage, working hours will be reduced