ജന ഗണ മനയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് പൃഥ്വിരാജ്

തിയറ്റർ വിജയം നേടിയ ജന ഗണ മനയുടെ രണ്ടാം ഭാഗത്തിന്റെ ചർച്ചകൾ തുടങ്ങിയെന്ന് പൃഥ്വിരാജ് സുകുമാരൻ. രണ്ടാം ഭാഗത്തിലും ആദ്യഭാഗത്തിലെ കഥാപ്രാത്രങ്ങൾ അണിനിരക്കുമെന്ന സൂചനകളാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും സൂചിപ്പിച്ചത്.
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച ജന ഗണ മന വിജയാഘോഷത്തിനിടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടനുണ്ടാവുമെന്ന് പ്രഖ്യാപിച്ചത്. ഡിജോ ജോസ് ആന്റണി, ഷാരിസ് മുഹമ്മദ് ടീമിനൊപ്പം അടുത്ത ചിത്രത്തിന്റെ ചർച്ചകൾ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ രാഷ്ട്രീയ സാമൂഹ്യ അവസ്ഥകൾ അനാവരണം ചെയ്യുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററിലും ഒ ടി ടിയിലും ലഭിച്ചത്. ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടിനൊപ്പം പൃഥ്വിരാജ് സുകുമാരൻ തകർത്തഭിനയിച്ച ചിത്രമാണ് ജന ഗണ മന.
ഇരയെ വ്യക്തിഹത്യ നടത്തുകയും വേട്ടക്കാരുടെ പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്യുന്നവരെ ഈ ചിത്രത്തിൽ വ്യക്തമായി ചിത്രീകരിക്കുന്നു. ന്യായമായ വിഷയത്തിന് വേണ്ടി പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളും ക്രിമിനലുകളുമായി മുദ്രകുത്തുകയും ചെയ്യുന്ന പ്രവണതയെ കൃത്യമായി അടയാളപ്പെടുത്തുകയും കൂടിയാണ് ഈ ചിത്രം.
ചിത്രത്തിന്റെ വിജയാഘോഷ പരിപാടികൾ കൊച്ചിയിലെ ഗോകുലം പാർക്കിൽ നടന്നു. പിന്നണി പ്രവർത്തകർക്കൊപ്പം പ്രമുഖ താരങ്ങളും പരിപാടിയിൽ പങ്കെടുത്തു. കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ് എന്നിവരും ചടങ്ങിലെത്തി. മെന്റലിസ്റ്റ് നിപിൻ നിരാവത്തിന്റെ സ്റ്റേജ് ഷോയും ചടങ്ങിലുണ്ടായിരുന്നു.
Content Highlights: Prithviraj Sukumaran, second part, Jana Gana Mana, Movie