കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡോക്ടറേറ്റ് നല്‍കണമെന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രമേയം
വെള്ളാപ്പള്ളി നടേശനും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്കും ഡി-ലിറ്റ് നല്‍കണമെന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രമേയം. സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഇ.അബ്ദുറഹിമാണ് പ്രമേയം അവതരിപ്പിച്ചത്. സമൂഹത്തിനാകെ പ്രയോജനപ്പെടുന്ന വിധത്തില്‍ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മഹദ് വ്യക്തികളാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും, വെള്ളാപ്പള്ളി നടേശനുമെന്നാണ് പ്രമേയം പറയുന്നത്.
സ്വന്തം കുടുംബത്തിലേക്ക് പണം സ്വരൂപിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളല്ല ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മറ്റ് രാജ്യങ്ങളുമായി ആശയവിനിമയം നടത്തി ന്യൂജെന്‍ കോഴ്സുകള്‍ കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുന്ന വിപ്ലവകരമായ പ്രവര്‍ത്തനമാണ് കാന്തപുരം ചെയ്തുകൊണ്ടിരിക്കുന്നത്. നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമൂഹത്തിനായി പടുത്തുയര്‍ത്തുകയും ഇന്നും ഈ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നയാളുമാണ് വെള്ളാപ്പള്ളി നടേശന്. ഇരുവരുടെയും പ്രൊഫൈലുകള്‍ ഡി-ലിറ്റ് നല്‍കുന്നതിനായി നിയമിക്കപ്പെട്ട ഉപസമിതി പഠിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
എന്നാല്‍ ഇതിനിടെ പ്രമേയത്തിനെതിരെ ഇടതുപക്ഷത്തിലെ ഒരു വിഭാഗം രംഗത്തെത്തി. പ്രമേയം പിന്വലിക്കണമെന്നായിരുന്ന ആവശ്യം. വി.സിയുടെ അനുവാദത്തോടെ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന് ഇ.അബ്ദുറഹിം ആവശ്യപ്പെട്ടു. തര്‍ക്കത്തിനൊടുവില്‍ ഡി-ലിറ്റ് നല്കാന് പ്രമുഖരായ വ്യക്തികളെ കണ്ടെത്തുന്നതിന് രൂപീകരിച്ച സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയുടെ പരിഗണയിലേക്ക് ഈ പ്രമേയം നല്കാന് സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു.
content highlights – Calicut University, doctorate, Kanthapuram and Vellapalli