അഭിനയത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കി സൂര്യ

തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ സിനിമയിലെത്തിയിട്ട് 25 വർഷങ്ങൾ പൂർത്തിയാകുന്നു. കരിയര്‍ ഇരുപത്തിയഞ്ചാം വര്‍ഷം എത്തിനില്ക്കുമ്പോളാണ് സൂര്യക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചത്. 1997-ൽ ഇതേ ദിവസമാണ് വസന്ത് സംവിധാനം ചെയ്ത ‘നേർക്ക് നേര്’ എന്ന ചിത്രത്തിലൂടെ സൂര്യ അഭിനയലോകത്തേക്ക് എത്തിയത്.
“ശരിക്കും സുന്ദരവും അനുഗ്രഹീതവുമായ 25 വർഷം..! സ്വപ്നം കാണുക, വിശ്വസിക്കുക..!’ സിനിമയിൽ 25 വർഷം തികയുന്ന വേളയിൽ സൂര്യ കുറിക്കുന്നതിങ്ങനെയാണ്. തമിഴ് നടൻ ശിവകുമാരിന്റേയും ലക്ഷ്മിയുടെയും മകനായി ജനിച്ച സൂര്യ ‘വാരണം ആയിരം’, ‘അയൻ’, ‘സിങ്കം’, ‘സിങ്കം 2’, ‘ഗജിനി’, ‘കാക്കാ കാക്കാ’ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ നായകനായി. സഹോദരൻ കാര്‍ത്തിയും നടനാണ്. തമിഴിലെ പ്രമുഖ നടി ജ്യോതികയാണ് ഭാര്യ. ദിയ എന്ന മകളും ദേവ് എന്ന മകനുമുണ്ട്.
ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിലവിൽ സൂര്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സൂര്യയുടെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ് ഇത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷാ പതാനിയാണ് സൂര്യയുടെ നായികയാകുക എന്ന സൂചനകളാണ് ലഭിക്കുന്നത്. സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്ന ആദ്യത്തെ ചിത്രമാണ് ഇത്. കെ ഇ ജ്ഞാനവേല്‍ രാജ ആണ് ചിത്രം നിര്‍മിക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിലാണ് നിര്‍മാണം. യുവി ക്രിയേഷൻസിന്റെ സഹകരണത്തോടെയാണ് നിര്‍മാണം. സിരുത്തൈ ശിവ- സൂര്യ ചിത്രത്തിന്റെ വിവരങ്ങള്‍ വൈകാതെ ഔദ്യോഗികമായി പുറത്തുവിടും.
content highlights – surya, 25 years in film industry