പൊതുമേഖലയിലെ ആദ്യ ഓണ്‍ലൈന്‍ ഓട്ടോ ടാക്സി: കേരള സവാരി ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
പൊതുമേഖലയിലെ ആദ്യ ഓണ്‍ലൈന്‍ ഓട്ടോടാക്സി സംവിധാനമായ കേരള സവാരി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് പദ്ധതി നടപ്പാക്കുക. പിന്നീട് മറ്റിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള 500 ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍ക്ക് ഇതിനോടകം പരിശീലനം നല്‍കിയിട്ടുണ്ട്.
സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി യാത്ര ചെയ്യാനുള്ള അവസരമാണ് കേരള സവാരി ഒരുക്കുന്നത്. പൊതുമേഖലയിലെ രാജ്യത്തെ ആദ്യത്തെ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആണ് ഇത്. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സംവിധാനം സജ്ജമായിട്ടുണ്ട്. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ജില്ലാ ഓഫീസിലാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
സീസണല്‍ ആയ നിരക്ക് മാറ്റം കേരള സവാരിയില്‍ ഉണ്ടാകില്ല. 8 ശതമാനം മാത്രമാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുക. മറ്റ് ഓണ്‍ലൈന്‍ ടാക്സി സംവിധാനത്തേക്കാള്‍ കുറവാണ് ഇത്. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനൊപ്പം സര്‍വീസ് ചാര്‍ജ് ആയി ഈടാക്കുന്ന തുക പദ്ധതി നടത്തിപ്പിനും യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പ്രമോഷണല്‍ ഇന്‍സെന്റീവ് നല്കാനുമായി ഉപയോഗിക്കും.
കനകക്കുന്നില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് മുഖ്യമന്ത്രി കേരള സവാരി ഫ്ളാഗ് ഓഫ് ചെയ്യും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് കേരള സവാരി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആപ്പില്‍ അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന പാനിക് ബട്ടണും സജ്ജമാക്കിയിട്ടുണ്ട്. ഐ.ടി, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
Content Highlights – kerala savari, First public sector online auto taxi