‘ആണുങ്ങൾ തോർത്തുടുത്ത് പണിക്ക് പോകുമ്പോൾ സ്ത്രീകൾ അവരെ ബലാത്സംഗം ചെയ്യുന്നില്ലല്ലോ?’
എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിക്കെതിരെ കോഴിക്കോട് സെഷൻസ് കോടതി നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ വിമർശനം കടുക്കുന്നു. ഇര ലൈംഗിക പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനിൽക്കില്ലെന്ന് കോടതി വിധിച്ചു.
സിവിക്കിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് സെഷൻസ് ജഡ്ജി കൃഷ്ണകുമാറിന്റെ വിവാദ പരാമർശം. വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമെന്ന് പറയുന്നത് അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്നും ഉത്തരവിലൂടെ കോടതിയുടെ മെയിൽ ഷോവനിസമാണ് വെളിച്ചത്ത് വന്നതെന്നും സാമൂഹ്യ പ്രവർത്തക കെ അജിത പറഞ്ഞു.
സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമെന്ന് മുൻപും പലരും പറഞ്ഞിട്ടുള്ളതാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് കാരണം സ്ത്രീകളാണെന്ന് പറയുന്നതിന് തുല്യമാണിത്. ഞങ്ങളുടെ നാട്ടിൽ ആണുങ്ങൾ തോർത്തുമുണ്ടുടുത്തിട്ട് പല ജോലികൾക്കും പോകാറുണ്ട്. അവരെ ഇങ്ങനെ കാണുമ്പോൾ സ്ത്രീകൾ പോയി ബലാത്സംഗം ചെയ്യുന്നില്ലല്ലോ? വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമെന്ന് പറയുന്നത് അങ്ങേയറ്റം സ്ത്രീവിരുദ്ധ നിലപാടാണ്, അവർ പറഞ്ഞു.