മകനു നേരെ കത്തി വീശുന്നതു കണ്ട അച്ഛൻ കുഴഞ്ഞുവീണു മരിച്ചു
റോഡിലുണ്ടായ തര്‍ക്കത്തിൽ ബസ് ജീവനക്കാരന് കത്തിയുമായി മകനെ ആക്രമിക്കുന്നത് കണ്ട് കുഴഞ്ഞുവീണ പിതാവ് മരിച്ചു. കൊച്ചി ചുള്ളിക്കല്‍ കരുവേലിപ്പടിയിലുള്ള ഫസലുദീന് ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 7.45-ന് പറവൂര്‍ കണ്ണന്‍കുളങ്ങരയിലാണ് സംഭവം. കോഴിക്കോട് – വൈറ്റിലയിലേക്കോടുന്ന നര്‍മദ ബസിലെ ജീവനക്കാരനാണ് മകന് ഫര്‍ഹാനെ ആക്രമിച്ചത്. തര്‍ക്കമുണ്ടായത് ബസിനു സൈഡ് കൊടുക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ടാണ്. ഇതേ തുടര്‍ന്ന്, കാറില്‍ ബസ് ഇടിപ്പിക്കുകയും കാറിന്റെ കണ്ണാടി പൊട്ടുകയും ചെയ്തു. തുടർന്ന് ഫര്ഹാന് മുന്നില്‍ കാര്‍ കൊണ്ടുവന്ന് ബസ് തടഞ്ഞു.
തര്‍ക്കത്തിനിടയിൽ ബസ് ജീവനക്കാരന് കത്തിയെടുത്തു. ഇയാൾ കുത്തുന്നത് തടഞ്ഞ ഫര്‍ഹാന്റെ കൈ മുറിഞ്ഞു. കാറിലിരുന്ന് ഇത് കണ്ട ഫസലുദീന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ഫസലുദീനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ബസ് ജീവനക്കാര്‍ വണ്ടിയെടുത്ത് കടന്നുകളഞ്ഞു. ബസ് പിടികൂടാനുള്ള നടപടി സ്വീകരിച്ചതായി പോലീസ് പറഞ്ഞു.
Content highlights- collapse death, kerala