പാലക്കാട് ബസുകളിൽ മോഷണം പതിവ്; രണ്ട് യുവതികൾ അറസ്റ്റിൽ
പാലക്കാട് ബസുകൾ കേന്ദ്രീകരിച്ച് മാല മോഷ്ടാക്കൾ വിലസുകയാണ്. ഇവരെ പേടിച്ചിട്ട് യാത്ര ചെയ്യാൻ പോലും പറ്റുന്നില്ലെന്ന പരാതിയാണ്. രണ്ട് മോഷ്ടാക്കളെ ഇന്നും പിടികൂടിയിട്ടുണ്ട്. ബസുകളിൽ യാത്രചെയ്ത് പതിവായി മാല മോഷണം നടത്തുന്ന തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികളാണ് അറസ്റ്റിലായത്. പാലക്കാട് കണ്ണന്നൂരിൽ ബസ് യാത്രക്കാരിയുടെ രണ്ടേമുക്കാൽ പവൻ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് ദിണ്ടിഗൽ സ്വദേശികളായ സന്ധ്യ, കാവ്യ എന്നിവരെയാണ് പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സന്ധ്യക്ക് വിവിധ പേരുകളിൽ പരിയാരം, ഫറൂക്ക്, കോട്ടക്കൽ, കൊഴിഞ്ഞാമ്പാറ, വളപട്ടണം,കോഴിക്കോട് ടൗൺ, കോഴിക്കോട് കസബ എന്നിവിടങ്ങളിൽ കേസുണ്ട്. രണ്ടാം പ്രതി കാവ്യക്ക് വിവിധ പേരുകളിൽ വളാഞ്ചേരി, പാലക്കാട് ടൗൺ സൗത്ത്, നോർത്ത്, തൃശൂർ ഈസ്റ്റ് എന്നിവിടങ്ങളിലും കേസുണ്ട്.
ബസിൽ യാത്ര ചെയ്ത് മോഷണം സ്ഥിരമാക്കിയ ഇവർക്കെതിരെ കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലകളിലായി പത്തോളം കേസുകളുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. പല സ്ഥലങ്ങളിലും വ്യത്യസ്തമായ മേൽവിലാസമാണ് ഇവർ പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ നിലവിലെ മേൽവിലാസം ശരിയാണോ എന്ന് പരിശോധിച്ചു വരികയാണ്. അടുത്തിടെ ഇവർ ബസിൽ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
കുറച്ചു കാലങ്ങളായി ബസുകളിൽ മോഷണം വർധിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. 20 പരാതികളാണ് സൗത്ത് സ്റ്റേഷനിൽ നിന്നും മാത്രം ലഭിച്ചത്. കഴിഞ്ഞ ആഴ്ച പാലക്കാട് ടൗൺ ബസിൽ യാത്ര ചെയ്ത തേങ്കുറിശ്ശി സ്വദേശി കനകത്തിന്റെ രണ്ടു പവൻ മാല മോഷണം പോയിരുന്നു. മോഷണം വർധിച്ചതോടെ പാലക്കാട് പൊലീസിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. മോഷ്ടാക്കളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പാലക്കാട് സൗത്ത് സിഐ ഷിജു കെ എബ്രഹാം പറഞ്ഞു.
കഴിഞ്ഞ ദിവസം ബസ് യാത്രയ്ക്കിടെ കുഞ്ഞിന്റെ പാദസരം മോഷ്ടിച്ച രണ്ട് തമിഴ് സ്ത്രീകൾ കോഴിക്കോട് അറസ്റ്റിലായിരുന്നു. മധുര കല്ലുമേട് സ്വദേശിനികളായ പ്രിയ(28), പൊന്നി(27) എന്നിവരായിരുന്നു അറസ്റ്റിലായത്. കൊണ്ടോട്ടിയിൽ നിന്നു ഫറോക്കിലേക്ക് വരികയായിരുന്ന മിനി ബസിൽ അമ്മയ്ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന ഒരു വയസുള്ള കുഞ്ഞിന്റെ അഞ്ച് ഗ്രാം പാദസരമാണു ഇരുവരും ചേർന്നു മോഷ്ടിച്ചത്.
ഓണക്കാലത്തെ തിരക്കിനിടയിൽ കൂടുതൽ കവർച്ച സാധ്യത മുന്നിൽ കണ്ട് സൗത്ത് പോലീസിന്റെ നേതൃത്വത്തിൽ പ്രത്യേക ബോധവൽക്കരണവും തുടങ്ങി. വനിതാ പൊലീസുകാർ സ്വകാര്യ ബസ് സ്റ്റാൻഡിൽ എത്തി പതിവ് മാല മോഷ്ടാക്കളുടെ ചിത്രം പതിച്ച ജാഗ്രത കാർഡ് കൈ മാറി. ബസിന്റെ മുന്നിലും പിന്നിലും ഈ ചിത്രം പതിപ്പിക്കണമെന്നും പ്രത്യേക ജാഗ്രത വേണമെന്നും ജീവനക്കാരോട് വ്യക്തമാക്കി.
Content highlights – palakkad, bus theft, two women arrested