ബസില്‍ സ്ത്രീകളെ തുറിച്ചു നോക്കിയാല്‍ അഴിയെണ്ണും; തമിഴ്നാട്ടില്‍ പുതിയ നിയമ ഭേദഗതി
ബസ് ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാനുള്ള ലക്ഷ്യമിട്ട് തമിഴ്നാട് മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തു. ഭേദഗതി അനുസരിച്ച് ബസില്‍ സ്ത്രീകളെ തുറിച്ചുനോക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്. തുറിച്ചുനോട്ടം, അശ്ലീല ആംഗ്യങ്ങള്‍ കാണിക്കല്‍, ചൂളമടി, ലൈംഗിക താത്പര്യത്തോടെ സമീപിക്കല്‍ എന്നിവയെല്ലാം ശിക്ഷാര്‍ഹമാക്കിയിട്ടുണ്ട്.
സ്ത്രീ യാത്രക്കാരോട് മോശമായി പെരുമാറുന്ന പുരുഷന്മാരെ കണ്ടാല്‍ കണ്ടക്ടര്‍ ഇറക്കി വിടുകയോ പൊലീസിന് കൈമാറുകയോ ചെയ്യണം. മോശമായി പെരുമാറുന്ന കണ്ടക്ടര്‍മാര്‍ക്കും കടുത്ത ശിക്ഷയാണ് ഭേദഗതി നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. സ്ത്രീകളോട് അനുചിതമായി പെരുമാറുന്ന കണ്ടക്ടര്‍മാര്‍ക്കെതിരെയും കേസെടുക്കാം.
ലൈംഗികച്ചുവയുള്ള തമാശ പറയല്‍, മോശം കമന്റ് പറയല്‍ എന്നിവയും കുറ്റകൃത്യമെന്ന് നിയമം പറയുന്നു. കണ്ടക്ടര്‍മാര്‍ ബസുകളില്‍ പരാതിപ്പുസ്തകം സൂക്ഷിക്കണം. അധികൃതര്‍ ആവശ്യപ്പെട്ടാല്‍ ഇത് ഹാജരാക്കണമെന്നും നിയമം നിര്‍ദേശിക്കുന്നു.
Content highlights – tamilnadu, amends motor vehicle act, staring at woman