ട്വന്റി-20 യുമായി സഹകരിക്കാന്‍ തയ്യാറെന്ന് കെ സുധാകരന്; ട്വൻ്റി 20യ്ക്ക് ജനസ്വാധീനമില്ലെന്ന് ബെന്നി ബെഹനാൻ
തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ കിഴക്കമ്പലം ആസ്ഥാനമായ ട്വന്റി-20 പാർട്ടിയുമായി സഹകരിക്കാന്‍ കോൺഗ്രസ് തയ്യാറാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. ട്വന്റി-20 ജനങ്ങളില്‍ വേരോട്ടമുള്ള പാർട്ടിയാണെന്നും അവരുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും കെ സുധാകരന് പറഞ്ഞതായി ട്വന്റിഫോർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
“ഞങ്ങളെ സംബന്ധിച്ചിടത്തോളം ആരുടെ വോട്ടും സ്വീകരിക്കും. ട്വന്റി-20യുടെയും ആംആദ്മിയുടെയും വോട്ട് കിട്ടാന്‍ ഞങ്ങള്‍ ശ്രമിക്കും. ഒരു സ്ഥാനാര്‍ത്ഥിക്ക് അവര്‍ക്ക് കിട്ടുന്ന വോട്ടാണ് പ്രധാനം. ട്വന്റി-20യില്‍ നിന്ന് അനുകൂലമായ നിലപാട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരെ ശത്രുക്കളാക്കണമെന്നും ഞങ്ങള്‍ക്കാഗ്രഹമില്ല.“ കെ സുധാകരൻ പറഞ്ഞു.
അതേസമയം, ട്വന്റി-20 ജനസ്വാധീനമുള്ള പ്രസ്ഥാനമല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ബെന്നി ബെഹനാൻ പറഞ്ഞു. ട്വന്റി-20 യുടെ വോട്ട് ഇത്തവണ യു ഡി എഫിന് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ആരുടെ വോട്ട് കിട്ടിയാലും സ്വീകരിക്കുമെന്നും ബെന്നി ബഹനാൻ പറഞ്ഞു.