അത്തം എത്തിയതോടെ പൂക്കളും എത്തി
ഇനി വരുന്ന പത്തു ദിവസം മലയാളിക്ക് ആഘോഷമാണ്. ഇന്ന് മുതൽ മുറ്റങ്ങളിൽ പൂക്കളമിട്ട് ഓണത്തെ വരവേൽക്കും. രണ്ടു വർഷമായി കോവിഡിന്റെ പേരിൽ പല വീടുകളിലും പൂക്കളം ഇട്ടിരുന്നില്ല.
അത്തം പിറന്നതോടെ പ്രധാന സ്ഥലങ്ങളെല്ലാം പൂക്കച്ചവടക്കാർ കയ്യടക്കി. കേരളത്തിൽ പ്രധാനമായും പൂ എത്തുന്നത് കോയമ്പത്തൂർ, ഡിണ്ടിഗൽ എന്നിവിടങ്ങളിൽ നിന്നാണ്. പൂക്കച്ചവടക്കാർ തിങ്കളാഴ്ച മുതൽ കച്ചവടം ആരംഭിച്ചു. പൂക്കൾക്ക് ഇത്തവണയും വില കൂടിയിട്ടുണ്ട്. ഓണം അടുക്കുന്നതോടെ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണാഘോഷവും പൂക്കളമത്സരവും നടക്കുന്നതോടെ പൂക്കൾ വീണ്ടും വിലയേറുമെന്നാണ് ഫ്ലവർ മാർട്ട് ഉടമകൾ പറയുന്നത്.
ഏറ്റവും കൂടുതൽ വിൽപന നടക്കുന്നത് ചെണ്ടുമല്ലിക്കാണ്. കിലോഗ്രാമിന് ഏകദേശം 300 രൂപയാണ് തിങ്കളാഴ്ച ചില്ലറ വിപണിയിൽ ഉണ്ടായത്. മൂന്നോ നാലോ പൂക്കളുള്ള 100 രൂപയുടെ കിറ്റായും വാങ്ങാം. മുല്ലപ്പൂവിന് ഒരു മുഴത്തിനു 50 രൂപയാണ് ഇപ്പോഴത്തെ വില. പൂക്കൾക്കായി ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ കളമശ്ശേരിയിൽ നാല് ഹെക്ടർ പൂക്കൃഷി ചെയ്യുന്നുണ്ട്. ചെണ്ടുമല്ലിയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ചേരാനെല്ലൂർ, കടമക്കുടി, എളങ്കുന്നപുഴ, കരുമാലൂർ പഞ്ചായത്തുകളിലും ചെറിയ പ്ലോട്ടുകളിൽ കൃഷി ചെയ്യുന്നുണ്ട്.
Content highlights – onappookalam, flowers, onam