മോദി എൻറെ വളരെ നല്ല സുഹൃത്തെന്ന് ഡൊണാൾഡ് ട്രംപ്; ”അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന” നിലപാട് കണ്ട് ലോകം അമ്പരപ്പിൽ

വീണ്ടും തന്റെ നിലപാടിൽ മാറ്റം വാരിത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യാതൊരു സ്ഥിരതയും ഇല്ലാത്ത ആളുകളെ പോലെയാണ് ചിലപ്പോൾ ഇദ്ദേഹത്തിന്റെ സ്വഭാവം.
ഇപ്പോൾ ട്രംപ് പറയുന്നത്, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര രംഗത്തെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുന്നു എന്നാണ്.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം. ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാര തടസങ്ങള്‍ നീക്കാനുളള ചര്‍ച്ചകള്‍ തുടരുന്നുവെന്ന് പോസ്റ്റിൽ പറയുന്നു.
‘ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ ഇന്ത്യയും അമേരിക്കയും തുടരുന്നുണ്ടെന്ന് അറിയിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. എന്റെ വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നു. ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ ഒരു അന്തിമ തീരുമാനത്തിലെത്താൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്’- എന്നും ട്രംപ് ട്രൂത് സോഷ്യലിൽ കുറിച്ചു.
അതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടപ്പിലാക്കുന്ന തീരുവകളുടെ നിയമസാധുതയെക്കുറിച്ചുള്ള വാദങ്ങൾ നവംബറിൽ കേൾക്കുമെന്ന് അമേരിക്കൻ സുപ്രീം കോടതി പറഞ്ഞു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മേൽ പിഴച്ചുങ്കമടക്കം വൻ തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്ക് കീഴ്ക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടിരുന്നു.
പ്രഖ്യാപിച്ച മിക്ക താരിഫുകളും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല്‍ കോടതി നേരത്തെ വിധിച്ചതിനെത്തുടന്നാണ് ട്രംപ് യുഎസ് സുപ്രീം കോടതിയെ സമീപിച്ചത്. അടിയന്തിര സാമ്പത്തിക നിയമം ഉപയോഗിച്ച് ഏകപക്ഷീയമായി തീരുവകൾ പ്രഖ്യാപിച്ച് പ്രസിഡന്റ് അധികാര ദുർവിനിയോഗം നടത്തിയെന്നാണ് യു എസ് ഫെഡറൽ കോടതി ചൂണ്ടിക്കാട്ടിയത്.
ഒരു വശത്ത് ഇന്ത്യയും നരേന്ദ്ര മോദിയും സുഹൃത്താണെന്ന് പറയുമ്പോൾ തന്നെ, മറുവശത്ത് ഇന്ത്യയിലുള്ള പണിയും ട്രംപ് നടത്തുന്നുണ്ട്. റഷ്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താൻ, ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ താരിഫ് ചുമത്തണമെന്ന് ഡോണൾഡ് ട്രംപ് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു. അലാസ്കയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം പുടിനെ തുടർ ചർച്ചകൾക്കോ വെടിനിർത്തൽ കരാറിലേക്കോ എത്തിക്കാനുള്ള തന്റെ ശ്രമങ്ങൾ ഫലവത്താകുന്നില്ലെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോട് ട്രംപ് പറഞ്ഞിരുന്നു.
ഉക്രൈനുമായുള്ള യുദ്ധത്തിൽ റഷ്യയ്ക്കുള്ള സാമ്പത്തിക ചെലവ് വർധിപ്പിക്കുന്നത് ചർച്ച ചെയ്യുന്നതിനായി, വാഷിങ്ടണിൽ മുതിർന്ന യുഎസ് ഉദ്യോഗസ്ഥരും യൂറോപ്യൻ ഉദ്യോഗസ്ഥരും തമ്മിലുള്ള യോഗത്തിലാണ് ട്രംപ് ഇന്ത്യക്കും ചൈനക്കും 100 ശതമാനം തീരുവ ചുമത്തണമെന്ന ആവശ്യം ഉന്നയിച്ചത്.
റഷ്യയുടെ കൂടെ കച്ചവടം ചെയ്യുന്ന രാജ്യങ്ങളെ , താരിഫ് ഉയർത്തി ഭീഷണിപ്പെടുത്തിക്കൊണ്ട് റഷ്യയെ ബുദ്ധിമുട്ടിക്കാൻ തന്നെയാണ് ട്രംപ് ശ്രമിക്കുന്നത്. എന്നാൽ അമേരിക്കയുടെ വാക്കുകൾക്ക് പഴയത് പോലെ ലോകം വില കൊടുക്കുന്നില്ല എന്ന സത്യം ട്രംപിന് ഇതുവരെ മനസ്സിലായിട്ടില്ല. ഓരോ ദിവസവും ഓരോ നിലപാട് എന്നതാണ് ട്രംപിന്റെ ഇപ്പോളത്തെ രീതി. തനിക്ക് 40 കോടി ഡോളറിന്റെ ജെറ്റ് വിമാനം സമ്മാനിച്ച ഖത്തറിൽ, ആക്രമണം നടത്താൻ ഇന്നലെ അനുമതി കൊടുത്ത ആളാണ് ട്രംപ്. അപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന ഒരു പ്രത്യേക സ്വഭാവമാണ് ഇപ്പോൾ ട്രംപ് കാണിക്കുന്നത്.