ആണവപരീക്ഷണം നടത്തുന്ന രാജ്യങ്ങളിൽ പാകിസ്താനും; വെളിപ്പെടുത്തലുമായി ട്രംപ്
ആണവപരീക്ഷണം നടത്തുന്ന രാജ്യങ്ങളിൽ പാകിസ്താനും ഉണ്ടെന്ന് പറയുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. റഷ്യ , ചൈന, ഉത്തരകൊറിയ എന്നീ രാജ്യങ്ങളും ആണവപരീക്ഷണം നടത്തുന്നുണ്ട്. എന്നാൽ പരീക്ഷണം നടത്തുന്നതിനെ കുറിച്ച് റഷ്യയും ചൈനയും പറയുന്നില്ലെന്നും ട്രംപ് പറഞ്ഞു.
മറ്റ് രാജ്യങ്ങൾ സജീവമായതിനാൽ അമേരിക്ക ആണവ പരീക്ഷണങ്ങൾ നടത്തണമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്ക തുറന്ന സമൂഹമാണ്. നമ്മൾ ആണവപരീക്ഷണത്തെ കുറിച്ച് സംസാരിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. സിബിഎസ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് 33 വർഷത്തെ മൊറട്ടോറിയത്തിന് ശേഷം അമേരിക്കൻ സേനകൾക്ക് ആണവായുധങ്ങൾ പരീക്ഷിക്കാൻ ഉത്തരവിട്ടതിനെ ന്യായീകരിച്ചുകൊണ്ടാണ് ട്രംപിന്റെ പരാമർശം.
“നിങ്ങൾക്കറിയാമോ, ഞങ്ങൾ ഒരു തുറന്ന സമൂഹമാണ്. ഞങ്ങൾ വ്യത്യസ്തരാണ്. ഞങ്ങൾ അതിനെക്കുറിച്ച് സംസാരിക്കുന്നു. തീർച്ചയായും ഉത്തരകൊറിയ പരീക്ഷണം നടത്തുന്നുണ്ട്. പാകിസ്ഥാൻ പരീക്ഷണം നടത്തുന്നുണ്ട്” ട്രംപ് പറയുന്നു. ഇന്ത്യയും പാകിസ്താനും ആണവയുദ്ധത്തിന്റെ വക്കിലായിരുന്നുവെന്ന് ട്രംപ് വാദിച്ചു. താൻ ഇടപെട്ടില്ലായിരുന്നെങ്കിൽ ദശലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെടുമായിരുന്നുവെന്നും ട്രംപ് അഭിമുഖത്തിൽ പറഞ്ഞു.
“ഇന്ത്യ പാകിസ്താനുമായി ഒരു ആണവയുദ്ധം നടത്താൻ പോകുകയായിരുന്നു. ദശലക്ഷക്കണക്കിന് ആളുകൾ മരിക്കുമായിരുന്നു. അതൊരു മോശം യുദ്ധമാകുമായിരുന്നു. എല്ലായിടത്തും വിമാനങ്ങൾ വെടിവച്ചിട്ടു. നിങ്ങൾ യുദ്ധം നിർത്തിയില്ലെങ്കിൽ നിങ്ങൾക്ക് ഞങ്ങളുമായി ഒരു ഇടപാടും നടത്താൻ കഴിയില്ലെന്ന് ഞാൻ ഇരുവരോടും പറഞ്ഞു,” ട്രംപ് പറഞ്ഞു. ഇന്ത്യ 1998 മുതൽ ഒരു ആണവ പരീക്ഷണവും നടത്തിയിട്ടില്ല. അതിനാൽ പാകിസ്താനും ചൈനയും ആണവ പരീക്ഷണം നടത്തുന്നുണ്ടെന്ന ട്രംപിന്റെ വെളിപ്പെടുത്തൽ ആശങ്കയുളവാക്കുന്നതാണ്.












